സർഗാത്മക രാഷ്ട്രീയ ബോധവത്കരണം പ്രധാനം: എൻ.കെ പ്രേമചന്ദ്രൻ എംപി
1282652
Thursday, March 30, 2023 11:00 PM IST
കൊല്ലം: സമൂഹത്തിന്റെ രാഷ്ട്രീയവത്കരണത്തിന് സാഹിത്യവും കലയും വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. സർഗാത്മകമായ രാഷ്ട്രീയ ബോധവത്കരണം നവോഥാനപരമായ സാമൂഹ്യമാറ്റങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും എംപി. പറഞ്ഞു.
ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ രചിച്ച കാവ്യരാഷ്ട്രീയം എന്ന പുസ്തകം കൊല്ലം പ്രസ് ക്ലബിൽ പ്രകാശം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ സാഹിത്യരംഗം തയാറാകുമ്പോഴാണ് സാമൂഹ്യപ്രതിബദ്ധതയുള്ള കലാസൃഷ്ടികൾ ഉണ്ടാകുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കൊല്ലം ശ്രീനാരായണ കോളേജ് മലയാളവിഭാഗം മുൻ മേധാവി ഡോ. ഇന്ദിര തങ്കച്ചി പുസ്തകം ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷനായി. കെ.പി. സജിനാഥ്, ഡോ. പി.സി. റോയി, ഇളവൂർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.