റവന്യു ഡിവിഷന് ഓഫീസില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 1,771 ഫയലുകള്‍
1461618
Wednesday, October 16, 2024 7:31 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് റവന്യു ഡിവിഷന് ഓഫീസില്‍ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഫയലുകള്‍ ഉള്‍പ്പെടെ തീര്‍പ്പു കല്പിക്കാനുള്ളത് 1,771 ഫയലുകള്‍. കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസുകള്‍ ഒഴിവാക്കിയുള്ള കണക്കുകളാണ് ഇവ. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിന് റവന്യുമന്ത്രി കെ. രാജനാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
അപ്പീല്‍, വഴിതടസം, ഭൂമി പതിവ്, ജനനം/മരണം വൈകി രജിസ്റ്റര്‍ ചെയ്യല്‍, ഭൂമി തരംമാറ്റം, അനധികൃത ഭൂമി പരിവര്‍ത്തനം, പട്ടികവര്‍ഗഭൂമി വില്പനാനുമതി, പട്ടികവര്‍ഗഭൂമി അന്യാധീനപ്പെടലും തിരിച്ചെടുക്കലും, അനധികൃത മണല്‍ഖനനം, അനധികൃത ചെങ്കല്‍-കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം, അനധികൃത മണ്ണെടുപ്പ്, ഫെയര്‍ലാന്‍ഡ് വാല്യു, ഭക്ഷ്യസുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള തീരുമാനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് തീര്‍പ്പു കല്പിക്കാനുള്ളത്.
10 വര്‍ഷം മുതല്‍ 15 ദിവസം വരെയുള്ള ഫയലുകള്‍ തീര്പ്പുകല്പിക്കാന് ബാക്കിയുണ്ട്. കോടതി കേസുകള്‍, മതിയായ രേഖകള്‍ ഹാജരാക്കാതിരിക്കല്‍, മറ്റ് ഓഫീസുകളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കാത്തത്, ജില്ലാ കളക്ടറുടെ/സര്‍ക്കാര്‍ ഉത്തരവ് ആവശ്യമുള്ളത്, വിചാരണയോ സ്ഥലപരിശോധനയോ നടത്തേണ്ടത് എന്നീ കാരണങ്ങള്‍ മൂലമാണ് ഫയലുകള്‍ തീര്പ്പുകല്പിക്കാന് കാലതാമസം നേരിടുന്നത്.
വളരെയേറെ കാലപ്പഴക്കം ചെന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മറ്റ് ഓഫീസുകളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം നേരിടുന്ന ഫയലുകളില്‍ കൃത്യമായ ഇടവേളകളില്‍ ഓര്മകുറിപ്പ് നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സ്ഥിതി ഓണ്‍ലൈന്‍ മുഖേന അറിയിക്കാന്‍ കഴിയാത്ത ഫയലുകളില്‍ കാലതാമസത്തിനു കാരണം കക്ഷികളെ അറിയിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.