മികവ് തുടര്‍ന്ന് ഹൊസ്ദുര്‍ഗും ദുര്‍ഗയും ; കായികമേള ഇന്നു സമാപിക്കും
1600502
Friday, October 17, 2025 7:40 AM IST
നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ രണ്ടാംദിനവും മികവ് തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഉപജില്ലയും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസും. 19 സ്വര്‍ണവും 13 വെള്ളിയും 11 വെങ്കലവും അടക്കം 163 പോയിന്റോടെയാണ് ഹൊസ്ദുര്‍ഗ് ചാമ്പ്യന്‍പട്ടം സ്വപ്നം കാണുന്നത്. 15 സ്വര്‍ണവും 18 വീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി കാസര്‍ഗോഡ് ഉപജില്ല മികച്ച പോരാട്ടവുമായി രണ്ടാംസ്ഥാനത്തെത്തി.
13 വീതം സ്വര്‍ണവും വെങ്കലവും ഒമ്പതു വെള്ളിയും അടക്കം 116 പോയിന്റുള്ള ചെറുവത്തൂറാണ് മൂന്നാംസ്ഥാനത്ത്. ചിറ്റാരിക്കാല്‍ (105), മഞ്ചേശ്വരം (74), കുമ്പള (58), ബേക്കല്‍ (45) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്കൂളുകളില്‍ 12 സ്വര്‍ണവും അഞ്ചു വീതം വെള്ളിയും വെങ്കലവും അടക്കം 80 പോയിന്റോടെ ദുര്‍ഗ സ്കൂള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചാമ്പ്യന്‍പട്ടം ഉറപ്പിച്ചു.
അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയുമായി 34 പോയിന്റുമായി കുട്ടമത്ത് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തും നാലു സ്വര്‍ണവും മൂന്നു വീതം വെള്ളിയും വെങ്കലവുമായി 32 പോയിന്റോടെ പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമുണ്ട്. പൈവളിഗെനഗര്‍ ജിഎച്ച്എസ്എസ് (21), ഉപ്പള ജിഎച്ച്എസ്എസ് (20) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. കായികമേള ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞ് 3.30ന് എം.രാജഗോപാലന്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ബി.വി.വിജയഭാരത് റെഡ്ഡി സമ്മാനദാനം നിര്‍വഹിക്കും.
ത്രോ ഇനങ്ങളിലെ റാണിയായി ഹെനിൻ
നീലേശ്വരം: നാലുവര്‍ഷം മുമ്പ് മികച്ച പരിശീലനം തേടിയാണ് ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹെനിന് എലിസബത്ത് ചെറുവത്തൂര്‍ മയ്യിച്ചയിലെത്തുന്നത്. തുടർന്നാണ് കെ.സി.ഗിരീഷിന്റെ കെസി ത്രോസ് അക്കാദമിയില്‍ എത്തിയത്.

ചെറുവത്തൂരില്‍ അമ്മയ്ക്കൊപ്പം വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. ആ തീരുമാനം ഹെനിന്റെ കരിയറിനെ തന്നെ മാറ്റിമറിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി ജില്ലാ സ്കൂള്‍ കായികമേളയിലെ ത്രോ ഇനങ്ങളിലെ റാണിയാണ് ഹെനിന്. മത്സരിക്കാനിറങ്ങിയ കാലം തൊട്ട് ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും അപ്രമാദിത്വം മറ്റാര്‍ക്കും ഹെനിന് വിട്ടുകൊടുത്തില്ല.
സംസ്ഥാനമേളയിലും കെസി ത്രോസ് എതിരാളികളില്ലാതെ മുന്നേറിയപ്പോള്‍ ഹെനിന്റെ പ്രകടനവും അതില്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞതവണത്തെ ദേശീയ സ്കൂള്‍ കായികമേളയില്‍ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു. കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയായ ഹെനിന് രാജകീയമായി തന്നെയാണ് തന്റെ അവസാന സ്കൂള്‍ കായികമേളയും പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഉയരെ പറന്ന് ശ്രീയാലക്ഷ്മി
നീലേശ്വരം: മത്സരിക്കുക, റിക്കാര്‍ഡോടെ സ്വര്‍ണം നേടുക. പോള്‍വോള്‍ട്ടില്‍ ഡി.വി.ശ്രീയാലക്ഷ്മി തന്റെ നാലാമത്തെയും അവസാനത്തേതുമായ ജില്ലാ സ്കൂള്‍ കായികമേളയിലെത്തിയപ്പോഴും പതിവുകളൊന്നും തെറ്റിച്ചില്ല. നാലു തവണയും ശ്രീയാലക്ഷ്മിയുടെ മത്സരം തന്നോടു തന്നെയായിരുന്നു. താന്‍ സ്ഥാപിച്ച റിക്കാര്‍ഡുകള്‍ തന്നെയാണ് ഈ മിടുക്കി തകര്‍ത്തുകൊണ്ടിരുന്നത്.

ഇത്തവണ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടുപേര്‍ മാത്രമാണ് മത്സരിക്കാനുണ്ടായിരുന്നത്. ശ്രീയാലക്ഷ്മി 2.40 മീറ്റര്‍ ഉയരം താണ്ടിയപ്പോള്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന മത്സരാര്‍ഥി താണ്ടിയത് 1.10 മീറ്റര്‍ മാത്രമാണ്.
തന്റെ 1.90 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് ശ്രീയാലക്ഷ്മി ഇത്തവണ തകര്‍ത്തത്. കഴിഞ്ഞവര്‍ഷം സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അഞ്ചാംസ്ഥാനം നേടിയിരുന്നു. ബംഗളുരുവില്‍ കഴിഞ്ഞ ഒരുവര്‍ഷമായി നടത്തുന്ന പരിശീലനമാണ് ശ്രീയാലക്ഷ്മിയുടെ മിന്നുംപ്രകടനത്തിന് കാരണം. ദേശീയ പോള്‍വോള്‍ട്ട് താരവും റെയില്‍വേ ഉദ്യോഗസ്ഥനുമായ കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി ബിനീഷ് ജേക്കബ് ആണ് പരിശീലകന്. തൃക്കരിപ്പൂര്‍ നടക്കാവ് വൈക്കത്തെ കാറ്ററിംഗ് സ്ഥാപന ഉടമ രമേശന് പാവൂരിന്റെയും ബബിതയുടെയും മകളായ ശ്രീയാലക്ഷ്മി ഉദിനൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്.
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി പ്രയാണം തുടങ്ങി
നീലേശ്വരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഓവറോള്‍ ചാമ്പ്യന്മാര്ക്ക് നല്‍കാനുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി പ്രയാണത്തിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമായി. എം.രാജഗോപാലന്‍ എംഎല്‍എയില്‍ നിന്നും പരീക്ഷാഭവന് ജോയിന്റ് കമ്മീഷണര്‍ ഡോ.ഗിരീഷ് ചോലയില്‍ കപ്പ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. വി.എസ്.ബിജുരാജ്, ടി.ആര്.പ്രീതിമോള്‍, ഡോ.കെ.രഘുരാമഭട്ട്, അനില്‍ ബങ്കളം, പി.സവിത, പി.മോഹനന് എന്നിവര്‍ പ്രസംഗിച്ചു.

നീലേശ്വരത്തു നിന്നും പ്രചാരണമാരംഭിച്ച് വിവിധ ജില്ലകളിലെ പ്രദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്തെത്തിക്കും. സംസ്ഥാന കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലാ ടീമിന് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും.
തിരുവനന്തപുരത്തെ പി.മാധവന് തമ്പി ആന്‍ഡ് സണ്‍സാണ് രണ്ടു ലക്ഷം രൂപ ചെലവിട്ട് മൂന്നരകിലോ ഭാരമുള്ള വെങ്കല ട്രോഫി രൂപകല്പന ചെയ്തത്.
രണ്ടാംദിനം എട്ടു മീറ്റ് റിക്കാര്‍ഡുകള്‍
സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ കാസര്‍ഗോഡ് ജിഎംആര്‍എസ് ഫോര്‍ ബോയ്സിലെ സി.സൂരജ് 12.40 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി. 12.44 സെക്കന്‍ഡ് എന്ന റിക്കാര്‍ഡാണ് തകര്‍ന്നത്. സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡിലില്‍ ബാരെ ജിഎച്ച്എസിലെ ഇ.പി.റിതുല്‍ രഘു 14.41 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി. 14.43 എന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്.
ജൂണിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ത്രോയില്‍ മഞ്ചേശ്വരം എസ്എടിഎച്ച്എസിലെ മൊയ്തീന് അസ്മാന് 41.08 മീറ്റര്‍ ദൂരം താണ്ടി. 37.34 മീറ്റര്‍ ആണ് പഴയ റിക്കാര്‍ഡ്. ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ മഞ്ചേശ്വരം അല്‍സഖാഫ് ഇഎംഎസിലെ ആയിഷത്ത് സഹല 13.43 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി. 13.58 ആയിരുന്ന പഴയ റിക്കാര്‍ഡ്. ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ ഹുസ്ന ഫാത്തിമ രണ്ടു റിക്കാര്ഡുകളിട്ടു.
800 മീറ്റര്‍ 2.37.26 മിനുറ്റ് കൊണ്ട് ഓടിയെത്തി. 2.39.60 ആണ് പഴയ റിക്കാര്‍ഡ്. 1500 മീറ്റര്‍ 5.38.58 മിനുറ്റ് കൊണ്ട് ഓടിയെത്തി. 5.45.28 ആണ് പഴയ റിക്കാര്‍ഡ്. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ കുട്ടമത്ത് ജിഎച്ച്എസ്എസിലെ 4.74 മീറ്റര്‍ ദൂരം താണ്ടി. 4.31 ആണ് പഴയ റിക്കാര്‍ഡ്. ജൂണിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കുട്ടമത്ത് ജിഎച്ച്എസ്എസിലെ എന്‍.എസ്.കാര്‍ത്തിക് 14.08 മീറ്റര്‍ ദൂരം താണ്ടി. 10.95 മീറ്റര്‍ ആണ് പഴയ റിക്കാര്‍ഡ്.