റവന്യു ജില്ലാ സ്കൂള്‍ കായികമേള: ഹൊസ്ദുര്‍ഗ്, ദുര്‍ഗ ചാമ്പ്യന്മാര്
1600619
Saturday, October 18, 2025 1:25 AM IST
ഷൈബിൻ ജോസഫ്
നീലേശ്വരം: റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയും സ്കൂളുകളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസും ചാമ്പ്യന്മാര്. 25 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവും അടക്കം 211 പോയിന്റോടെയാണ് ഹൊസ്ദുര്‍ഗ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
16 സ്വര്‍ണവും 21 വെള്ളിയും 19 വെങ്കലവും അടക്കം 169 പോയിന്റുമായി കാസര്‍ഗോഡ് ഉപജില്ല റണ്ണേഴ്സ് അപ്പായി. 17 സ്വര്‍ണവും 14 വെള്ളിയും 15 വെങ്കലവും അടക്കം 153 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല മൂന്നാംസ്ഥാനം നേടി. ഒമ്പതു സ്വര്‍ണവും 15 വെള്ളിയും 16 വെങ്കലവും അടക്കം 122 പോയിന്റുമായി ചിറ്റാരിക്കാല്‍ ഉപജില്ല നാലാംസ്ഥാനത്തെത്തി. മഞ്ചേശ്വരം (96), കുമ്പള (66), ബേക്കല്‍ (60) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
15 സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും അടക്കം 106 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചാമ്പ്യന്‍പട്ടം നേടിയ ദുര്‍ഗ സ്കൂളിന്റെ മിന്നും പ്രകടനമാണ് ഹൊസ്ദുര്‍ഗ് ഉപജില്ലയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത്. എട്ടു സ്വര്‍ണവും അഞ്ചു വെള്ളിയും അടക്കം 55 പോയന്റോടെ കുട്ടമത്ത് ജിഎച്ച്എസ്എസ് രണ്ടാംസ്ഥാനം നേടി. നാലു സ്വര്‍ണവും മൂന്നുവീതം വെള്ളിയും വെങ്കലവും നേടി 32 പോയിന്റോടെ പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ്എസ് മൂന്നാംസ്ഥാനം നേടി. പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസ് (26) നാലും ഉപ്പള ജിഎച്ച്എസ്എസ് (23) അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ബാനം ജിഎച്ച്എസിന്റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന കായികമേളയുടെ സമാപനസമ്മേളനം എഎസ്പി ഡോ. നന്ദഗോപന് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷതവഹിച്ചു. കെ.ശകുന്തള, പി.ഗോപാലകഷ്ണന്‍, ബാനം കൃഷ്ണന്, അനില്‍ ബങ്കളം, പി.രാജീവന്, അജിത മോഹന്‍, പി.കെ.ബാലചന്ദ്രന്, അനിത മേലത്ത് എന്നിവര്‍ സംസാരിച്ചു. ബാനം സ്കൂള്‍ മുഖ്യാധ്യാപിക സി.കോമളവല്ലി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി. പി.ബാബുരാജ് നന്ദിയും പറഞ്ഞു.