മത്സ്യബന്ധന തോണി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
1601034
Sunday, October 19, 2025 7:35 AM IST
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. അജാനൂരിലെ മത്സ്യബന്ധന തൊഴിലാളികളായ രാമകൃഷ്ണൻ (60), ജനീഷ് (24), ബാബു (44) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ പള്ളിക്കരയ്ക്കു സമീപത്തുവച്ചാണ് തോണി കടലിൽ തലകീഴായി മറിഞ്ഞത്. മറ്റു തോണികളിലെ തൊഴിലാളികൾ ചേർന്ന് രാവിലെ എട്ടരയോടെ മൂന്നുപേരെയും രക്ഷപ്പെടുത്തി അജാനൂർ കടപ്പുറത്തും തുടർന്ന് അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജില്ലാശുപത്രിയിലും എത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, മത്സ്യ തൊഴിലാളി യൂണിയൻ (സിഐടിയു) നേതാക്കളായ വി.വി. രമേശൻ, കാറ്റാടി കുമാരൻ, അജാനൂർ കൂറുംബ ഭഗവതി ക്ഷേത്ര ഭാരവാഹികൾ എന്നിവർ ജില്ലാ ആശുപത്രിയിലെത്തി.