മുനമ്പം പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നവംബർ മൂന്നിന്
1600499
Friday, October 17, 2025 7:40 AM IST
ചട്ടഞ്ചാൽ: ബേഡഡുക്ക പഞ്ചായത്തിലെ കല്ലളി മുനമ്പത്തുനിന്ന് ദേശീയപാതയിലെ ചട്ടഞ്ചാലിലേക്ക് വഴിതുറക്കുന്ന മുനമ്പം പാലത്തിന്റെ ഔപചാരികമായ പ്രവൃത്തി ഉദ്ഘാടനം നവംബർ മൂന്നിന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. വർഷങ്ങളുടെ കാത്തിരപ്പനൊടുവിൽ 17.7 കോടി രൂപ ചെലവിലാണ് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകേ പുതിയ പാലം നിർമിക്കുന്നത്.
നിലവിലുള്ള തൂക്കുപാലത്തിന് സമീപം പുതിയ പാലത്തിന്റെ തൂണുകളുടെ നിർമാണം ഇതിനകം തുടങ്ങിയിട്ടുണ്ട്. പാലം വരുന്നതോടെ മലയോര പഞ്ചായത്തുകളായ ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കുറഞ്ഞ ദൂരത്തിൽ ജില്ലാ ആസ്ഥാനത്തേക്കെത്താൻ വഴി തെളിയും.
മുനമ്പത്തുനിന്ന് ചട്ടഞ്ചാലിലേക്ക് നിലവിൽ കരിച്ചേരിയിലെ ചുരം വളവുകളുൾപ്പെടെ 18 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട ദൂരമാണ് കേവലം രണ്ടു കിലോമീറ്ററായി കുറയുന്നത്. ബേഡഡുക്ക പഞ്ചായത്തിലെ പെർളടുക്കം സംസ്ഥാനപാതയിൽ നിന്ന് കല്ലളി വഴി മുനമ്പത്തേക്കുള്ള 4.2 കിലോമീറ്റർ റോഡ് അടുത്തിടെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി 3.53 കോടി രൂപ ചെലവിൽ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്. പുതിയ പാലത്തിന്റെ മറുവശത്തുള്ള മഹാലക്ഷ്മിപുരം-പള്ളത്തിങ്കാൽ-ചട്ടഞ്ചാൽ റോഡ് കൂടി നവീകരിച്ചാൽ ഇതുവഴി ജില്ലാ ആസ്ഥാനത്തേക്ക് ബസ് സർവീസുകളുൾപ്പെടെ തുടങ്ങാൻ കഴിയും.