എഎസ്ഐഎസ്സി കലോത്സവത്തിന് കൊടിയേറി
1600621
Saturday, October 18, 2025 1:25 AM IST
മാന്നാനം: ലാസ്യ താള രാഗങ്ങളുടെ അരങ്ങുണർന്നു. കെഇ സ്കൂളിലെ വേദികളിൽ കൗമാരം കലയുടെ പീലിവിടർത്തിയാടി. എഎസ്ഐഎസ്സി കേരള റീജൺ കലോത്സവത്തിന് കൊടിയേറി. മാന്നാനം കെഇ സ്കൂൾ ആതിഥേയത്വം വഹിക്കുന്ന കലോത്സവം ‘രംഗോത്സവ് 2025’ ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ ഡോ. റോണി ഡേവിഡ് ഉദ്ഘാടനം ചെയ്തു. എഎസ്ഐഎസ്സി കേരള റീജൺ പ്രസിഡന്റ് റവ. ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു.
മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, കേരള റീജൺ സെക്രട്ടറിയും കെഇ സ്കൂൾ പ്രിൻസിപ്പലുമായ റവ. ഡോ. ജയിംസ് മുല്ലശേരി സിഎംഐ, റീജണൽ കലോത്സവം പ്രിൻസിപ്പൽ കോ ഓർഡിനേറ്റർ ഫാ. ഷിനോ കളപ്പുരയ്ക്കൽ, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ഇന്ദു പി. നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തീം ഡാൻസ്, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, പ്രസംഗം, പദ്യപാരായണം, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിൽ ഇന്നലെ മത്സരം നടന്നു. കലോത്സവം ഇന്ന് സമാപിക്കും വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളന്തോട്ടം സമ്മാനദാനം നിർവഹിക്കും.
സെന്റ് മേരീസും
ഹരിശ്രീയും മുന്നിൽ
ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോടും കാറ്റഗറി നാലിലും അഞ്ചിലും ഹരിശ്രീ വിദ്യാനിധി സ്കൂൾ തൃശൂരും പോയിന്റ് നിലയിൽ മുന്നിട്ടുനിൽക്കുന്നു.