ചികിത്സാസഹായമെത്തിക്കാൻ ബിരിയാണി ചാലഞ്ച് നടത്തി
1601042
Sunday, October 19, 2025 7:36 AM IST
ചിറ്റാരിക്കാൽ: രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന പ്രാദേശിക മാധ്യമപ്രവർത്തകൻ ആയന്നൂരിലെ ടി.പി. മനോജിന് ചികിത്സാസഹായമെത്തിക്കാൻ ബിരിയാണി ചാലഞ്ച് നടത്തി.
ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിലാണ് മനോജിന്റെ ചികിത്സാ സഹായ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി ചാലഞ്ച് ഒരുക്കിയത്. 100 രൂപ നിരക്കിൽ 2000 പായ്ക്കറ്റ് ബിരിയാണിയാണ് ഇന്നലെ ഉച്ചയോടെ തയാറാക്കി വിതരണം ചെയ്തത്. വായനശാല പ്രസിഡന്റ് സി.ടി. പ്രശാന്ത്, സെക്രട്ടറി പി.ഡി. വിനോദ്, കോ-ഓർഡിനേറ്റർ എം.പി. വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഇരുവൃക്കകളും തകരാറായതിനെ തുടർന്ന് ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസിന് വിധേയമാകേണ്ട അവസ്ഥയിലാണ് മനോജ് കഴിയുന്നത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ 40 ലക്ഷം രൂപയോളം ചെലവു വരും. ഭാര്യയും രണ്ട് ആൺമക്കളിൽ ഒരാളും രോഗബാധിതരാണ്. ഈ സാഹചര്യത്തിലാണ് ചികിത്സയ്ക്ക് പണം കണ്ടെത്താൻ നാട്ടുകാർ മുന്നിട്ടിറങ്ങി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്.