ബേഡഡുക്ക ആട് ഫാം 30നു നാടിന് സമര്‍പ്പിക്കും
1601172
Monday, October 20, 2025 1:54 AM IST
പൊയിനാച്ചി: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹൈടെക് ആട് ഫാം 30നു മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും. ബേഡഡുക്ക കല്ലളിയിലെ 22.75 ഏക്കറില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആട് ഫാം പ്രവര്‍ത്തനസജ്ജമാകുന്നത്. കേരളത്തിന്റെ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന, രോഗപ്രതിരോധത്തിനും കുറഞ്ഞ പരിപാലനത്തിനും പേരുകേട്ട തദ്ദേശീയ മലബാറി ആടുകളുടെ പ്രജനനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള മൃഗസംരക്ഷണ വകുപ്പിന്റെയും കാസര്‍ഗോട്ടെ ജനതയുടെയും പത്തുവര്ഷങ്ങള് നീണ്ട കാത്തിരിപ്പിനാണു ഹൈടെക് ആട് ഫാമിന്റെ ഉദ്ഘാടനത്തോടെ വിരാമമാകുന്നത്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഫാമിനു വേണ്ടിയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. 2016-17 കാലയളവില്‍ റവന്യൂ വകുപ്പിന് കീഴിലുള്ള 22.75 ഏക്കര്‍ സ്ഥലം ലഭിച്ച് അതില്‍ ചുറ്റുമതില്‍, ഓഫീസ് കെട്ടിട നിര്‍മ്മാണം അടക്കമുള്ള പ്രവര്ത്ന്ങള് മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കിയെങ്കിലും വിവിധ പദ്ധതികള്‍ മുഖേന ലഭിക്കേണ്ടിയിരുന്ന കേന്ദ്രവിഹിതം ലഭിക്കാതിരുന്നത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
നിലവില്‍ മൃഗസംരക്ഷണ വകുപ്പും കാസര്‍ഗോഡ് വികസന പാക്കേജും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചു ബ്ലോക്കുകളിലായി ആയിരം ആടുകളെ സംരക്ഷിക്കാന്‍ പറ്റുന്ന ഹൈടെക് ആട് ഫാമിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 200 ആടുകള്‍ക്ക് വേണ്ടിയുള്ള ബ്ലോക്കാണ് കാസര്‍ഗോഡ് വികസന പാക്കേജിന്റെ സഹായത്തോടുകൂടി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 10 അടി ഉയരമുള്ള ഷെഡില്‍ 190 പെണ്ണാടുകളെയും 10 മുട്ടനാടുകളെയും പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു.
2025-26 വര്‍ഷത്തില്‍ അടുത്ത ഷെഡിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അഞ്ചു ഘട്ടങ്ങളിലായി ഹൈടെക് ആട് ഫാം പൂര്‍ണമായും പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഫാമിനോടനുബന്ധിച്ച് ഏഴേക്കറില്‍ ബേഡഡുക്ക പഞ്ചായത്തിന്റെ കീഴില്‍ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതി പ്രകാരം ആടുകളുടെ തീറ്റിക്കു വേണ്ടിയുള്ള ആയിരത്തോളം പ്ലാവിന് തൈകളും വിവിധയിനം തീറ്റപ്പുല്ലുകളും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. കൃഷികള്‍ക്ക് ആവശ്യമായ ജലസേചനത്തിനായി മൃഗസംരക്ഷണ വകുപ്പ് 90,000 രൂപയുടെ ജലസേചന സൗകര്യവും ഒരുക്കിയിട്ടുണ്ട്.