വെള്ളരിക്കയ പാലത്തിന് 1.2 കോടി
1601179
Monday, October 20, 2025 1:54 AM IST
അഡൂർ: ദേലംപാടി പഞ്ചായത്തിലെ വെള്ളരിക്കയ, ബാളംകയ പ്രദേശങ്ങളിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ പള്ളഞ്ചി ചാലിനു കുറുകേ കോൺക്രീറ്റ് പാലമൊരുങ്ങുന്നു. ഇപ്പോൾ കമുകിൻതടികൾ ചേർത്തുകെട്ടിയ പാലം കടന്നാണ് സ്കൂൾ കുട്ടികളടക്കം മറുകര കടക്കുന്നത്. കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.2 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമിക്കാൻ ഭരണാനുമതിയായത്.
പുതിയ പാലമൊരുങ്ങുന്നതോടെ നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ബാളംകയ, വെള്ളരിക്കയ ഉന്നതികളിലുള്ളവർക്കും എല്ലാ ദിവസവും ചാലിനു കുറുകേയുള്ള സാഹസികയാത്രയിൽനിന്ന് രക്ഷകിട്ടും. മഴക്കാങ്ങളിൽ ജീവൻ പണയംവച്ചാണ് ഇവിടത്തുകാർ കൂലംകുത്തിയൊഴുകുന്ന ചാലിനു മുകളിലൂടെ കുകിൻപാലം കടന്നിരുന്നത്. സ്കൂൾകുട്ടികളെ മറുകര കടത്താൻ രക്ഷിതാക്കൾ ഒപ്പം പോകേണ്ട അവസ്ഥയാണ്.
ആറുവർഷം മുമ്പ് ഇവിടെ നടപ്പാലം നിർമിക്കാൻ പട്ടികവർഗ വികസന വകുപ്പ് 27 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും വനനിയമം തടസമായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പാലത്തിനിരുവശവും വനമേഖലയാണ്.
ഇപ്പോൾ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്നു മീറ്റർ വീതിയുള്ള പാലവും റോഡും നിർമിക്കുന്നത്.