ചികിത്സാസഹായത്തിന് തുക കണ്ടെത്താൻ സദ്യ വിളമ്പി ലൈബ്രറി പ്രവർത്തകർ
1601183
Monday, October 20, 2025 1:54 AM IST
ചിറ്റാരിക്കാൽ: വിവാഹ സത്കാരത്തിൽ സദ്യ വിളമ്പി ലഭിച്ച തുക ചികിത്സാ സഹായ നിധിയിലേക്ക് നൽകി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി പ്രവർത്തകർ. ഇന്നലെ ഉച്ചയ്ക്ക് ചെറുപുഴ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിൽ സദ്യ വിളമ്പിയ ഇനത്തിൽ ലഭിച്ച തുക ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ആയന്നൂരിലെ ടി.പി. മനോജിന്റെ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറാനാണു ലൈബ്രറി പ്രവർത്തകരുടെ തീരുമാനം. ചികിത്സാ സഹായ നിധി ചെയർമാൻ വി. രവീന്ദ്രന്റെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ 20 ലേറെ പ്രവർത്തകരാണ് വിവാഹ ചടങ്ങിൽ സദ്യവിളമ്പിയത്.
ഇതിന്റെ കൂലിയിനത്തിൽ ലഭിക്കുന്ന തുക അടുത്ത ദിവസം തന്നെ ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിക്കാനാണ് തീരുമാനമെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു. വി. രവീന്ദ്രൻ, സി.ടി. പ്രശാന്ത്, എം.പി. വിനോദ് കുമാർ, പി.ഡി. വിനോദ്, എം. പ്രിയ, നന്ദുഭാസ്കർ എന്നിവർ നേതൃത്വം നൽകി.