പാറപ്പള്ളി ഹാപ്പിനസ് പാർക്ക് തുറന്നു
1601181
Monday, October 20, 2025 1:54 AM IST
അമ്പലത്തറ: കോടോം-ബേളൂർ പഞ്ചായത്തിന്റെ പാറപ്പള്ളിയിലെ ഹാപ്പിനസ് പാർക്ക് ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച വിവിധ പദ്ധതികളായ ടേക്ക് എ ബ്രേക്ക് കെട്ടിടം, ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, ശലഭപാർക്ക്, ഓപ്പൺ സ്റ്റേജ്, കളിസ്ഥലം, മീറ്റിംഗ് ഹാൾ, വായനാമുറി എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഹാപ്പിനസ് പാർക്ക്. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യ ക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷ്മിയും ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ശലഭ പാർക്ക് ഉദ്ഘാടനം ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ രജനി കൃഷ്ണനും നിർവഹിച്ചു. വാർഡിലെ സായാഹ്നം വയോക്ലബിന്റെ നേതൃത്വത്തിലുള്ള വായനാമുറി മുൻ പുല്ലൂർ- പെരിയ പഞ്ചായത്ത് പ്രസിഡന്റ് എം. അസിനാറും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, വാർഡ് കൺവീനർ പി. ജയകുമാർ എന്നിവർ പ്രസംഗിച്ചു.