1972 ലെ വന്യജീവിസംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധം: മാധവ് ഗാഡ്ഗിൽ
1600622
Saturday, October 18, 2025 1:25 AM IST
വെള്ളരിക്കുണ്ട്: 1972 ലെ വന്യജീവിസംരക്ഷണ നിയമം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനുമേൽ വന്യജീവികളുടെ സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്നതാണെന്നും അതുകൊണ്ടുതന്നെ അത് ഭരണഘടനാ വിരുദ്ധമാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ പറഞ്ഞു. അടിമുടി ഭരണഘടനാ വിരുദ്ധമായ ഈ നിയമം ഉടൻ പൊളിച്ചെഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വെള്ളരിക്കുണ്ടിൽ നടക്കുന്ന കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ രണ്ടാംഘട്ട സമര പരിപാടികളുമായി ബന്ധപ്പെട്ട ഓൺലൈൻ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആനയുൾപ്പെടെയുള്ള വന്യജീവികളുടെ എണ്ണം പല മടങ്ങായി വർധിച്ചിട്ടും അതു സംബന്ധിച്ച വിശ്വാസയോഗ്യമായ കണക്കുകൾ വനംവകുപ്പിന്റെ പക്കലില്ലെന്ന് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾക്ക് മാത്രമാണ് ശ്രദ്ധ കിട്ടുന്നത്. കർഷകരുടെയും തൊഴിലാളികളുടെയും ജീവനോപാധികൾക്കുണ്ടാവുന്ന നഷ്ടം പലപ്പോഴും അവഗണിക്കപ്പെടുകയാണ്.
മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണങ്ങളിൽ നാല്പതിനായിരം കോടി രൂപയുടെ കാർഷിക നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇതുപോലെ കേരളത്തിലും വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടായ കാർഷികനഷ്ടം സംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാം ഘട്ട സമരപരിപാടികൾ സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട പ്രഖ്യാപിച്ചു. 29 ന് ഡൽഹിയിൽ ഏകദിന സത്യഗ്രഹവും നവംബർ ഏഴു മുതൽ വെള്ളരിക്കുണ്ടിൽനിന്ന് തിരുവനനന്തപുരത്തേക്ക് സംസ്ഥാനതല വാഹന പ്രചാരണ ജാഥയും നടക്കും. നവംബർ 15 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ 100 മണിക്കൂർ ഉപവാസം നടത്തും. വെള്ളരിക്കുണ്ടിൽ നടന്നുവരുന്ന അനിശ്ചികാല കർഷകസ്വരാജ് സത്യഗ്രഹം ഇതുപോലെ തുടരും. ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ജനുവരി ആദ്യവാരം മുതൽ സത്യഗ്രഹ സമരം കൂടുതൽ ശക്തമാക്കും.
ഓൺലൈൻ യോഗത്തിൽ കർഷകസ്വരാജ് സത്യഗ്രഹ ഐക്യദാർഢ്യസമിതി ചെയർമാൻ കെ.വി. ബിജു അധ്യക്ഷത വഹിച്ചു.
പി.ടി. ജോൺ, അഡ്വ. വിനോദ് പയ്യട, അഡ്വ. ജോൺ ജോസഫ്, ജിയോ ജോസ്, റോസ് ചന്ദ്രൻ, മുതലാംതോട് മണി, ജിമ്മി ഇടപ്പാടി, അഡ്വ. ബിനോയ് തോമസ്, റോജർ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.