വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ കിടത്തിചികിത്സ ആരംഭിക്കണം: ബിജെപി
1601176
Monday, October 20, 2025 1:54 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ അധികൃതരുടെ അനാസ്ഥ കാരണം നിഷേധിക്കപ്പെടുന്നതായി ബിജെപി ബളാൽ പഞ്ചായത്ത് കമ്മിറ്റി. ഒരു വർഷം മുമ്പേ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉദ്ഘാടനം ചെയ്തെങ്കിലും അതിന്റെ ഗുണം രോഗികൾക്ക് ലഭിക്കുന്നില്ല. അഞ്ച് ഡോക്ടർമാർ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്നെണ്ടെങ്കിലും മെഡിക്കൽ ഓഫീസറുടെ ധാർഷ്ട്യമാണ് പാവപ്പെട്ട രോഗികൾക്ക് കിടത്തിചികിത്സ അപ്രാപ്യമാക്കുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സമയത്ത് ഇരുപത്തഞ്ചോളം രോഗികളെ കിടത്തി ചികിത്സിച്ചിരുന്നു. ഭൂരിഭാഗം പട്ടിക വിഭാഗത്തിൽ പെട്ടവരും പിന്നോക്ക വിഭാഗത്തിലെ ജനങ്ങളും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ഉത്തരവാദികളാണ്. അടിയന്തിരമായി കിടത്തി ചികിത്സ ആരംഭിച്ചില്ലെങ്കിൽ പ്രത്യക്ഷസമരവുമായി രംഗത്തുവരുമെന്നും യോഗം മുന്നറിയിപ്പു നൽകി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജൻ പുഞ്ച അധ്യക്ഷതവഹിച്ചു. വി. കുഞ്ഞിക്കണ്ണൻ, സാവിത്രി ശങ്കരൻ, റെജി കുമാർ, പി.കെ. സദാനന്ദൻ, നാരായണൻ പുല്ലോടി, രാജീവൻ എന്നിവർ, സന്തോഷ് കണ്ണീർവാടി, വി. രാമചന്ദ്രൻ പ്രസംഗിച്ചു.