മുനമ്പത്തിലും ഹിജാബിലും ഇടതു-വലതു മുന്നണികൾക്ക് ദഹനക്കേട്: ഷോൺ ജോർജ്
1600493
Friday, October 17, 2025 7:40 AM IST
വെള്ളരിക്കുണ്ട്: മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് കേരളത്തിലെ ഇടതു-വലത് മുന്നണികൾക്ക് ദഹിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. ഭാരതീയ ജനതാ പാർട്ടി സോഷ്യൽ ഔട്ട് റീച്ച് ജില്ലാ ശില്പശാല വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹിജാബ് വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന് പിന്തുണയുമായി ഒരു കോൺഗ്രസ് - സിപിഎം നേതാവ് പോലും എത്തിയില്ലെന്നും ഷോൺ കുറ്റപ്പെടുത്തി.
ക്രിസ്തീയ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാനും അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഏറ്റവുമധികം ഇടപെടൽ നടത്തിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ ഇടയിൽ പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സോഷ്യൽ ഔട്ട് റീച്ച് പരിപാടികൾ സംഘടിപ്പിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.
കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് കെ. നിത്യാനന്ദൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് സുകുമാരൻ കാലിക്കടവ്, ഉത്തമൻ, വ്യാപാരി വ്യവസായ ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, ലൈസമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.