നെല്‍പ്പാടങ്ങള്‍ ഇല്ലാതാകുന്നു
1460991
Monday, October 14, 2024 7:21 AM IST
കാസര്‍ഗോഡ്: നെൽക്കൃഷിയും കൊയ്ത്തുത്സവങ്ങളും ഒരു ഭാഗത്ത് സജീവമായി നടക്കുമ്പോഴും ജില്ലയില്‍ നെൽക്കൃഷി കുത്തനെ കുറയുന്നതായി കണക്കുകള്‍. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കൃഷിവിസ്തൃതി 35 ശതമാനം കുറഞ്ഞതായാണ് കൃഷിവകുപ്പിന്റെ കണക്ക്. 2020-21ല്‍ 1885.3 ഹെക്ടര്‍ സ്ഥലത്തായിരുന്നു ഒന്നാംവിള നെൽക്കൃഷി ഉണ്ടായിരുന്നത്. 669 ഹെക്ടര്‍ നെൽക്കൃഷിയാണ് ഈ കാലയളവില്‍ കുറഞ്ഞത്. കഴിഞ്ഞവര്‍ഷമാണ് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുറവുണ്ടായത്.
1092 ഹെക്ടറായിരുന്നു കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്നത്. അതില്‍ നിന്ന് നേരിയ വര്‍ധന ഈ വര്‍ഷം ഉണ്ടായെന്ന് പറയുമ്പോഴും ജില്ലയെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാകുന്നതെന്നാണ് ഈ കണക്കുകള്‍. നെൽക്കൃഷി ചെയ്യുന്നവരുടെ എണ്ണവും പാടശേഖരസമിതികളുടെ എണ്ണവും ഇതിന് ആനുപാതികമായി കുറഞ്ഞു. നെല്ലുത്പാദനത്തിലും ഗണ്യമായ കുറവുണ്ടായി.
വരള്‍ച്ച രൂക്ഷമാകുന്ന ജില്ലയില്‍ ഒന്നാംവിള മാത്രമാണ് കൂടുതല്‍ പേരും കൃഷി ചെയ്തിരുന്നത്. മഴയെ ആശ്രയിച്ചാണിത്. രണ്ടാംവിള കൃഷി ഇതിന്റെ പത്തുശതമാനം മാത്രമേ ഉണ്ടാകാറുള്ളു. മൂന്നാംവിള അതിലും കുറവാണ്.
കര്‍ഷകരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തതാണ് കൃഷിയിടങ്ങള്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുസ്ഥിര നെൽക്കൃഷി വികസനപദ്ധതിയില്‍ ഒരു ഹെക്ടര്‍ നെൽക്കൃഷിക്ക് 5000 രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്.
തരിശുകൃഷി ചെയ്യുന്നവര്‍ക്ക് ഒരു ഹെക്ടറിന് 40,000 രൂപ സഹായം നല്‍കാറുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ വഴി സൗജന്യ നെല്‍വിത്തും നടാനുള്ള കൂലി, പാടശേഖര സമിതികള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ എന്നിങ്ങനെ പദ്ധതികള്‍ ഒരുപാടുണ്ടായിട്ടും കര്‍ഷകര്‍ കുറയുന്നുവെന്നതാണ് യാഥാര്‍ഥ്യം.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യമാണ് ഏറ്റവും വലിയ പ്രശ്നം. വലിയ തുക മുടക്കി കൃഷി ചെയ്താലും വിളവെടുക്കുന്നതു വന്യമൃഗങ്ങളായിരിക്കും. കാട്ടുപന്നി, മയില്‍ എന്നിവയാണ് എല്ലായിടത്തും വില്ലന്മാര്.
കാട്ടാന, കാട്ടുപോത്ത് എന്നിവയുണ്ടാക്കുന്ന ദുരിതവും ചില്ലറയല്ല. കാലാവസ്ഥമാറ്റവും വലിയ തിരിച്ചടിയാണ്. സാധാരണ ജൂണ്‍ മാസത്തിലാണ് ഒന്നാംവിള കൃഷിചെയ്യുന്നത്.
എന്നാല്‍ ഈസമയത്ത് പലപ്പോഴും കാലവര്‍ഷം ശക്തിപ്പെടുകയോ ഉറവകളില്‍ നീരൊഴുക്ക് ആരംഭിക്കാറോയില്ല. കാലം തെറ്റി പെയ്യുന്ന മഴ കൊയ്ത്തിനു ബുദ്ധിമുട്ടാകുന്നു. തൊഴിലാളിക്ഷാമമാണ് മറ്റൊരു കാരണം. തൊഴിലുറപ്പ് പദ്ധതി വന്നതിനുശേഷം തൊഴിലാളികളെ കിട്ടാനില്ലെന്നതു യാഥാര്‍ഥ്യമാണ്. നെൽക്കൃഷിയെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.