മലിനജലം നിറഞ്ഞ് വയലുകൾ; ആശങ്കയായി ഡെങ്കിപ്പനി മുതൽ അമീബിക് ജ്വരം വരെ
1592338
Wednesday, September 17, 2025 7:16 AM IST
കാഞ്ഞങ്ങാട്: കൃഷിചെയ്യാതെ തരിശിട്ട വയലുകളിലും ചതുപ്പുകളിലും മലിനജലം നിറയുന്നത് രോഗഭീതി പരത്തുന്നു. റെയിൽവേ സ്റ്റേഷന്റെ പരിസരപ്രദേശങ്ങളിലും ആവിക്കര, കുശാൽനഗർ, കൊവ്വൽ ഭാഗങ്ങളിലുമെല്ലാം മഴ മാറിയിട്ടും വയലുകളിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. മിക്കയിടങ്ങളിലും മാലിന്യവും ജൈവാവശിഷ്ടങ്ങളും അടിഞ്ഞുകൂടി വെള്ളം ചീഞ്ഞുനാറിത്തുടങ്ങിയിട്ടുണ്ട്.
മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകൾ സമീപപ്രദേശങ്ങളിലുള്ളവർക്ക് തീരാദുരിതമാണ്. കൊതുകുകടിയേറ്റ് വർഷത്തിലൊരിക്കലെങ്കിലും പനിപിടിച്ച് ആശുപത്രിയിലാകാത്തവർ ഇവിടെയുണ്ടാകില്ല. മലിനജലം മൂലം ഡെങ്കിപ്പനിക്കും എലിപ്പനിക്കും പിന്നാലെ ഇപ്പോൾ അമീബിക് മസ്തിഷ്കജ്വരത്തിന്റെ ആശങ്കയും ഉയരുകയാണ്.
ഇത് കാഞ്ഞങ്ങാട് നഗരത്തിലെ മാത്രം സ്ഥിതിയല്ല. ജില്ലയുടെ തീരദേശത്ത് പലയിടങ്ങളിലും ഏതാണ്ട് ഇതേ സാഹചര്യമാണ്. ജില്ലയുടെ വടക്കൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ മഴ മാറിയാലും മാസങ്ങളോളം വെള്ളക്കെട്ട് മാറാതെ നിൽക്കുന്ന അവസ്ഥയാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് കാരണം. ഈ വെള്ളത്തിൽ മാലിന്യവും രോഗാണുക്കളും വന്നു നിറയുകയും ചെയ്യുന്നു.
നീലേശ്വരം നഗരത്തോടുചേർന്ന തീരദേശമേഖലയിൽ പുഴയിലും കായലിലും നിന്ന് കയറുന്ന ഉപ്പുവെള്ളം വീട്ടുപറമ്പുകളിൽ പോലും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. മിക്കയിടങ്ങളിലും സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് മലിനജലത്തിൽ ചവിട്ടാതെ വീട്ടിലെത്താനാവാത്ത സ്ഥിതിയാണ്. മുട്ടോളം വെള്ളത്തിൽ നീന്തിക്കടക്കുന്നവരുമുണ്ട്. അമീബയും ബാക്ടീരിയയുമെല്ലാം നിറഞ്ഞ ഈ വെള്ളത്തിലൂടെ ഓരോ ദിവസവും പലതവണ നീന്തിക്കടക്കേണ്ടിവരുമ്പോൾ കിണറിലെ വെള്ളം മാത്രം ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കിയിട്ട് എന്തു കാര്യമെന്നാണ് സമീപവാസികൾ ചോദിക്കുന്നത്.
തരിശിട്ടു കിടക്കുന്ന വയലുകളിലെല്ലാം കൃഷിചെയ്യാൻ കഴിയില്ലെങ്കിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനെങ്കിലും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ വയ്ക്കേണ്ടതല്ലേയെന്നാണ് അവരുടെ ചോദ്യം.