ആഗോള അയ്യപ്പസംഗമവും വികസനസദസും തട്ടിപ്പ്: യുഡിഎഫ്
1592336
Wednesday, September 17, 2025 7:16 AM IST
കാസര്‍ഗോഡ്: തദ്ദശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ആഗോള അയ്യപ്പ സംഗമവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസനസദസും തട്ടിപ്പാണെന്ന് യുഡിഎഫ് ജില്ലാകമ്മിറ്റി.
ശബരിമലയുടെ വിശ്വാസ സംരക്ഷണം ഉറപ്പാക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്‍നിര്‍ത്തി നടത്തുന്ന ആഗോള അയ്യപ്പസംഗമം കപട അയ്യപ്പ സ്നേഹവും രാഷ്ട്രീയ ദുഷ്ടലാക്കുമാണ്.
ഈ വിഷയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ കണ്വന്ഷന് നടത്താനും യോഗം തീരുമാനിച്ചു.
ജില്ലയിലെ പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് കാരണം പല പഞ്ചായത്തുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് യോഗം വിലയിരുത്തി. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം ആരംഭിച്ചെങ്കിലും മെഡിക്കല്‍ കോളേജില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യുഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നല്കി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്മാന് കല്ല് മാഹിന്‍ ഹാജി അധ്യക്ഷതവഹിച്ചു.
എ. ഗോവിന്ദന് നായര്‍, പി.കെ. ഫൈസല്‍, എ. അബ്ദുള്‍ റഹ്മാന്, കെ. നീലകണ്ഠന്, എം.സി. കമറുദ്ദീന്, ജെറ്റോ ജോസഫ്, മാഹിന്‍ കേളോട്ട്, മഞ്ജുനാഥ ആല്‍വ, ടിമ്പര്‍ മുഹമ്മദ്, ബഷീര്‍ വെള്ളിക്കോത്ത്, പ്രിന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.