യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ
1591872
Monday, September 15, 2025 10:01 PM IST
കരിന്തളം: വടക്കേപുലിയന്നൂരിൽ യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുലിയന്നൂരിലെ കെ.വി. വിജയന്റെ ഭാര്യ ഒ. സവിതയാണ് (48) മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെ വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് മൃതദേഹം കണ്ടത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് കരുതുന്നു.
ഭർത്താവ് ജോലിക്കും മകൻ കോളജിലും പോയതായിരുന്നു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് അയൽവാസികളെത്തിയപ്പോഴാണ് സംഭവം കണ്ടത്. വെള്ളമൊഴിച്ച് തീയണച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
നീലേശ്വരം എസ്ഐ സി. സുമേഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ചീമേനിയിലെ കടയിൽ സെയിൽസ് ഗേളായി ജോലിചെയ്തുവരികയായിരുന്നു സവിത. മക്കൾ: കൃഷ്ണ, സഞ്ജയ്. മരുമകൻ: വിഷ്ണു (കാലിച്ചാമരം).