ബേക്കല്‍ കടല്‍ത്തീരം ശുചീകരിച്ച് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥികള്‍; നീക്കിയത് ഒരു ടണ്‍ മാലിന്യം
1592005
Tuesday, September 16, 2025 1:54 AM IST
ബേക്കല്‍: ലോക തീരദേശശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് ബേക്കല്‍ കടല്‍ത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍. സ്വ ഛ് സാഗര്‍, സുരക്ഷിത് സാഗര്‍ എന്ന സന്ദേശവുമായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോർ കോസ്റ്റല്‍ റിസര്‍ച്ചിന്റെ (എന്‍സിസിആര്‍) സഹകരണത്തോടെ സര്‍വകലാശാലയിലെ നാഷണല്‍ സര്‍വ്വീസ് സ്കീം (എന്‍എസ്എസ്) ആണ് പരിപാടി സംഘടിപ്പിച്ചത്.
ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്പ്പറേഷന് (ബിആര്‍ഡിസി), ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ (ഡിടിപിസി), പെരിയടുക്ക എംപി ഇന്റര്‍നാഷണല്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ശുചീകരണ യജ്ഞത്തില്‍ കൈകോര്‍ത്തതോടെ നീക്കം ചെയ്തത് ഒരു ടണ്‍ മാലിന്യം.
ഇതില്‍ 368 കിലോയും പ്ലാസ്റ്റിക് മാലിന്യമാണ്. പേപ്പര്‍, ഗ്ലാസ്, മെറ്റല്‍, തുണി, റബര്‍ മാലിന്യങ്ങളാണ് മറ്റുള്ളവ.
രാവിലെ ഏഴിന് ആരംഭിച്ച ശുചീകരണം ഉച്ച വരെ നീണ്ടു. കടല്‍ത്തീരത്ത് ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ മണിക്കൂറുകളോളമെടുത്താണ് ശേഖരിച്ചത്. പിന്നീട് ഇവ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് മഹയൂബ ഇക്കോ സൊലൂഷന്‍സിന് കൈമാറി.
വിദ്യാര്‍ഥികള്‍ കടല്‍ത്തീര ശുചീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന മണല്‍ ശില്പവും ഒരുക്കി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ഷിജിന് പറമ്പത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട, മഹയൂബ ഇക്കോ സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കുഞ്ഞബ്ദുള്ള, ബേക്കല്‍ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ മുഹമ്മദ് അനസ്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എസ്. അന്പഴഗി, ടെക്നിക്കല്‍ ഓഫീസര്‍ ഡോ.വി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.