തീരദേശത്തെ എംസിഎഫുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു
1592001
Tuesday, September 16, 2025 1:54 AM IST
കുമ്പള: ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവയ്ക്കുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ച മിനി എംസിഎഫുകള്‍ തുരുമ്പെടുത്തു നശിക്കുന്നു. നിരന്തരം ഉപ്പുകാറ്റേല്ക്കുന്ന തീരദേശ മേഖലകളില്‍ ഇരുമ്പുവലകള്‍ കൊണ്ടുമാത്രമുള്ള എംസിഎഫുകള്‍ നിര്‍മിച്ചതാണ് ഇതിനു കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പെർവാഡ് കടപ്പുറത്ത് മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച മിനി എംസിഎഫ് പോലും ഇപ്പോള്‍ ദ്രവിച്ചു തകരാന്‍ തുടങ്ങിയ നിലയിലാണ്. ഇതോടെ ഇവിടെ ഹരിത കര്‍മസേന സംഭരിക്കുന്ന മാലിന്യം തെരുവുനായ്ക്കളും കാക്കകളും വീണ്ടും വലിച്ചു പുറത്തിടുന്ന അവസ്ഥയായി.
രണ്ടാഴ്ചയിലൊരിക്കലാണ് ഹരിത കർമസേന പ്രവർത്തകര്‍ ഇവിടെ നിന്ന് മാലിന്യം തരംതിരിച്ച് കൊണ്ടുപോകുന്നത്.
തീരദേശങ്ങളില്‍ ഇരുമ്പ് കൂടുകൾക്ക് പകരം ഉപ്പുകാറ്റിനെ പ്രതിരോധിക്കാവുന്ന രീതിയില്‍ പ്ലാസ്റ്റിക്കോ ഫൈബറോ ഉപയോഗിച്ചുള്ള എംസിഎഫ് കൂടുകൾ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.