പ്രീമെട്രിക് ഹോസ്റ്റലിലെ പീഡനം: പട്ടികവർഗ വികസന ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
1592335
Wednesday, September 17, 2025 7:16 AM IST
പരപ്പ: പ്രീ മെട്രിക് ഹോസ്റ്റലിലുണ്ടായ പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ പട്ടികവർഗ വികസന ഓഫീസിലേക്ക് മാർച്ച് നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലെ മുഴുവൻ കുട്ടികളെയും കൗൺസിലിംഗിന് വിധേയമാക്കണമെന്നും സമാനമായ പീഡനം മറ്റു കുട്ടികളും അനുഭവിച്ചിട്ടുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജീവ സിപിഎം പ്രവർത്തകനായ ഹോസ്റ്റൽ വാർഡനെ ഭരണത്തിന്റെ തണലിൽ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ, ജനറൽ സെക്രട്ടറിമാരായ മാർട്ടിൻ ജോർജ്, രജിത രാജൻ, മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു പ്രകാശ്, പി.സി. അജീഷ്, രാകേഷ് പാണംതോട്, അനൂപ് ഓർച്ച, ഭാരവാഹികളായ സിജോ അമ്പാട്ട്, അജിത്ത് പൂടംകല്ല്, രഞ്ജിത്ത് അരിങ്കല്ല്, ജിബിൻ ജെയിംസ്, കൃഷ്ണലാൽ തോയമ്മൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, ബളാൽ മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ്, കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാഘവൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജോ പി. ജോസഫ്, ബാലഗോപാലൻ കാളിയാനം, കണ്ണൻ പട്ളം, കണ്ണൻ മാളൂർകയം എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ച് പട്ടികവർഗ വികസന ഓഫീസിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ നേരിയ ഉന്തും തള്ളും നടന്നു.