കോടോം ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1592543
Thursday, September 18, 2025 1:51 AM IST
അട്ടേങ്ങാനം: കോടോം ബേളൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നവീകരണത്തിനായുള്ള ഫണ്ട് അനുവദിക്കുന്നതിൽ പ്രതിപക്ഷ വാർഡുകളെ പൂർണമായും തഴഞ്ഞതിൽ പ്രതിഷേധിച്ച് കോടോം ബേളൂർ, കാലിച്ചാനടുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ഭരണസമിതി യോഗത്തിൽ വായിച്ച് അംഗീകരിച്ച റോഡുകൾ പോലും മിനുട്സിൽ രേഖപ്പെടുത്താതെ ഒഴിവാക്കിയത് ഗുരുതരമായ തെറ്റാണെന്നും ഇതിന് നേതൃത്വം നൽകിയ ഭരണസമിതിയും കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിയും വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കോടോം ബേളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാലകൃഷ്ണൻ ബാലൂർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, ലക്ഷ്മി തമ്പാൻ, അനിത രാമകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ രാജീവൻ ചീരോൽ, ഷീജ, ആൻസി ജോസഫ്, ജിനി ബിനോയ്, കാലിച്ചാനടുക്കം മണ്ഡലം പ്രസിഡന്റ് മാണിയൂർ ബാലകൃഷ്ണൻ, ബാബു മാണിയൂർ, ബാലകൃഷ്ണൻ ചക്കിട്ടടുക്കം, കെ.കെ. യൂസഫ്, എ. കുഞ്ഞിരാമൻ, ബിനോയ് ആന്റണി, ടി.എം. മാത്യു, ജോസ് ജോസഫ്, രാജേഷ് പണംകോട്, വിനോദ് കപ്പിത്താൻ, വിഷ്ണു കാട്ടുമാടം, ബേബി പുതുപ്പറമ്പിൽ, ബേബി മാടപ്പള്ളി, സജിത ശ്രീകുമാർ, ആശിഷ് അടുക്കം, ജിബിൻ ജയിംസ്, വിനോദ് നായ്ക്കയം, സജി പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് അംഗങ്ങൾ പ്രതിനിധീകരിക്കുന്ന ആറ്, ഏഴ്, 12, 15 വാർഡുകളിലെ രണ്ടു വീതം റോഡുകൾ കഴിഞ്ഞ മേയ് 20നു നടന്ന ഭരണസമിതി യോഗത്തിൽ വായിച്ച് അംഗീകരിച്ചിരുന്നെങ്കിലും മിനുട്സ് രേഖപ്പെടുത്തിയപ്പോൾ പൂർണമായും ഒഴിവാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഇപ്പോഴത്തെ ഭരണസമിതി നിലവിൽ വന്ന കാലം മുതൽ യോഗങ്ങളുടെ നോട്ടീസും അജണ്ടയും കൃത്യമായി നൽകാതെയും യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ പോലും എഴുതിച്ചേർക്കാതെയും വെട്ടിമാറ്റുന്ന സ്ഥിതിയാണെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വൻ അഴിമതിയും ക്രമക്കേടുമാണ് പഞ്ചായത്തിൽ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമ പോരാട്ടം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.