ഹരിതശോഭയോടെ കാസര്‍ഗോഡ്; പച്ചത്തുരുത്ത് പുരസ്കാരത്തില്‍ ആധിപത്യമുറപ്പിച്ച് ജില്ലയിലെ കണ്ടല്‍ തുരുത്തുകളും കാവുകളും
1592337
Wednesday, September 17, 2025 7:16 AM IST
കാസര്‍ഗോഡ്: ഹരിതകേരള മിഷന് സംസ്ഥാന തല പച്ചത്തു രുത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയുടെ അഭിമാനമുയര്‍ത്തി കണ്ടല്ത്തുരുത്തുകളും കാവുകളും. ജില്ലയിലെ നിരവധി പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്കാര കണ്ടല്‍ത്തുരുത്ത് വിഭാഗത്തില്‍ വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ കണ്ടല്തുരുത്ത് കണ്ണൂര്‍ ജില്ലയിലെ വയലപ്ര പാര്‍ക്കിനോടൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടപ്പോള്‍ സാമൂഹ്യ വനവത്കരണ പ്രക്രിയയുടെ ഭാഗമായുള്ള കാസര്‍ഗോഡ് നഗരസഭയ്ക്ക് കീഴിലെ നഗരവനം പള്ളം പച്ചതുരുത്ത് രണ്ടാം സ്ഥാനവും കുമ്പള പഞ്ചായത്തിലെ ഷിറിയ കണ്ടല്‍ത്തുരുത്ത് മൂന്നാം സ്ഥാനവും നേടി.
ദൈവാരാധനയ്ക്കൊപ്പം പച്ചപ്പും സംരക്ഷിച്ചുപോവുന്ന കാവുകളുടെ വിഭാഗത്തില്‍ ബേഡഡുക്ക പഞ്ചായത്തിലെ അടുക്കത്ത് ഭഗവതിക്ഷേത്രം മോലോത്തുകാല്കാവ് പച്ചത്തുരുത്ത് ഒന്നാംസ്ഥാനവും ഉദുമ പഞ്ചായത്ത് കാലിച്ചാംകാവ് -കാപ്പുകയം പച്ചതുരുത്ത് രണ്ടാം സ്ഥാനവും കോടോം-ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ കോളിക്കാല് ഭഗവതി കാവ് പച്ചത്തുരുത്ത് മൂന്നാംസ്ഥാനവും നേടി.
കൈക്കരുത്തില്‍ കണ്ടലുകള്‍
16.2 കിലോമീറ്റര്‍ വിസ്തൃതിയില്‍ 24 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കവ്വായി കായലും അതിര്‍ത്തി പങ്കിടുന്നതുമായ വലിയപറമ്പ് പഞ്ചായത്ത് ജൈവവൈവിധ്യത്തിന്റെ ഒരു കലവറ തന്നെയാണ്. 24 കിലോമീറ്റര്‍ കടല്‍ത്തീരവും രണ്ട് അഴിമുഖവും ഉള്ള നാല് ദ്വീപുകളുടെ കൂട്ടമാണ് വലിയപറമ്പ.

കുമ്പള പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഷിറിയ പുഴ കണ്ടല്‍ത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. സര്‍വേ നമ്പര്‍ 72-ല്‍പ്പെടുന്ന 21.694 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഈ പ്രദേശം പ്രകൃതിയുടെ അപൂര്‍വ്വ സംഭാവനയായി നിലകൊള്ളുന്നു. ആരിക്കടി പുഴ ഒഴുകുന്ന ഈ പ്രദേശം പരിസ്ഥിതി സംരക്ഷണത്തിനും ജൈവ വൈവിധ്യത്തിനും ഏറെ പ്രധാന്യമുള്ളതാണ്. ഈ തുരുത്ത് നിരവധി പക്ഷി ഇനങ്ങള്‍ക്ക് സ്ഥിര താമസവും പ്രജനന കേന്ദ്രവുമാണ്.
ദേവ ഹരിതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ശ്രദ്ധ നേടുകയാണ് പിലിക്കോട് പഞ്ചായത്തിലെ വീതുകുന്ന് സ്മൃതിവനം. പിലിക്കോട് പഞ്ചായത്തിലെ രണ്ട്, 11 വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന ഏകദേശം 10 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ കുന്ന് ഒരുകാലത്ത് നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു. വീത്കുന്ന് സ്മൃതിവനം പദ്ധതിയുടെ ഭാഗമായി 2010 മുതല്‍ കുന്നിന് ചെരിവുകളില്‍ വ്യാപകമായി വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇപ്പോള്‍ ഇവിടെ 218 ഇനങ്ങളിലായി 1217 മരങ്ങള്‍ വളര്‍ന്നു നില്ക്കുന്നു.
ദൈവാരാധനയ്ക്കൊപ്പം പച്ചപ്പും സംരക്ഷിച്ചുപോവുന്ന കാവുകളുടെ വിഭാഗത്തില്‍ അടുക്കത്ത് ഭഗവതി ക്ഷേത്രം മോലോത്തുകാല്കാവ് പച്ചത്തുരുത്ത് ഒന്നാംസ്ഥാനവും കാലിച്ചാംകാവ് -കാപ്പുകയം പച്ചതുരുത്ത് രണ്ടാംസ്ഥാനവും എണ്ണപ്പാറ കോളിക്കാല് ഭഗവതി കാവ് പച്ചത്തുരുത്ത് മൂന്നാംസ്ഥാനവും നേടി.
ബേഡഡുക്ക പഞ്ചായത്തിലെ പ്രധാന ആരാധനാലയമായ മോലോത്തംകാല് അടുക്കത്ത് ഭഗവതി ക്ഷേത്രപരിസരത്താണ് പത്തേക്കര്‍ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന ഏതാണ്ട് 600 വര്‍ഷം പഴക്കമുള്ള ഈ കാവ് സ്ഥിതി ചെയ്യുന്നത്.
എണ്ണപ്പാറ ടൗണിനു സമീപമാണ് എണ്ണപ്പാറ കോളിക്കാല് ഭഗവതിക്കാവ് പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. ഒരേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. ചെങ്കല്ല് പാറപ്പുറത്ത് ഭഗവതി ദേവസ്ഥാനത്തിനു ചുറ്റും മരങ്ങളും വള്ളികളുമായി ഉണ്ടായിരുന്ന കാവ് ഇന്ന് ഒരേക്കറിലധികം വിസ്തൃതിയിലേക്ക് വ്യാപിച്ചിരിക്കുന്നു.