പിഎസ്സി പരീക്ഷ മാറ്റിയതറിയാതെ ഉദ്യോഗാർഥികൾ വലഞ്ഞു
1592353
Wednesday, September 17, 2025 7:38 AM IST
കാസർഗോഡ്: പിഎസ്സി പരീക്ഷ മാറ്റിവച്ചതറിയാതെ അതിരാവിലെ പരീക്ഷാകേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥികൾ വലഞ്ഞു. വനിതാ ശിശു വികസന വകുപ്പിൽ ഫീമെയിൽ കെയർടേക്കർ തസ്തികയിലേക്കാണ് ഇന്നലെ രാവിലെ ഏഴു മുതൽ 8.30 വരെ പരീക്ഷ നടക്കേണ്ടിയിരുന്നത്. തളങ്കര ഗവ.മുസ്ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായിരുന്നു ജില്ലയിലെ പരീക്ഷാകേന്ദ്രം.
മലയോരമേഖലയിലെ വെള്ളരിക്കുണ്ടും ചിറ്റാരിക്കാലും വരെയുള്ള ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളിൽ പലരും വണ്ടി വാടകയ്ക്കെടുത്താണ് അതിരാവിലെ കാസർഗോട്ടെത്തിയത്. പരീക്ഷാകേന്ദ്രത്തിലെത്തിയപ്പോഴാണ് പരീക്ഷ മാറ്റിവച്ച കാര്യം അറിഞ്ഞത്.
ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ 13ന് രാത്രി തന്നെ പിഎസ്സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നതായാണ് പിഎസ്സി അധികൃതരുടെ വിശദീകരണം. എന്നാൽ തങ്ങളുടെ പ്രൊഫൈലിലോ മൊബൈലിലോ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഒരു എസ്എംഎസ് സന്ദേശം പോലും ലഭിക്കാതെ ആരും പിഎസ്സിയുടെ വെബ്സൈറ്റ് എടുത്ത് പരിശോധിക്കില്ലല്ലോയെന്നും അവർ പറയുന്നു. നേരത്തേ ഇതേ വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിൽ ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിലേക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയും ഇതുപോലെ മുന്നറിയിപ്പില്ലാതെ മാറ്റിവച്ചിരുന്നതായി ഉദ്യോഗാർഥികൾ പറയുന്നു.