നവീകരണം പൂർത്തിയാകുമ്പോഴും കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് റോഡരികിൽ
1592536
Thursday, September 18, 2025 1:51 AM IST
കാസർഗോഡ്: നവീകരണം പൂർത്തിയാകുമ്പോഴും കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉടമകൾക്ക് മടി. സ്ഥലസൗകര്യത്തിന്റെ അപര്യാപ്തതയ്ക്കൊപ്പം പാർക്കിംഗ് ഫീസ് കൂടുതലാണെന്ന ആക്ഷേപവും ഉയർത്തിയാണ് കാറുകളുൾപ്പെടെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പാതയോരത്തുതന്നെ പാർക്ക് ചെയ്യുന്നത്.
രാവിലെ ട്രെയിൻ കയറാൻ ഓടിയെത്തുന്നവരിൽ നല്ലൊരു വിഭാഗവും കാറുകളും ഇരുചക്രവാഹനങ്ങളുമുൾപ്പെടെ റോഡരികിൽ നിർത്തിയിട്ടാണ് പോകുന്നത്. ഇടക്കാലത്ത് പോലീസ് ഇടപെട്ട് ഇവിടെ നിർത്തിയിടുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. എന്നാൽ, സ്റ്റേഷനിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റും ചൂണ്ടിക്കാട്ടി വാഹന ഉടമകൾ പ്രതിഷേധിച്ചതോടെ ഇതും നിലച്ചു.
റോഡിൽ വാഹനത്തിരക്കുള്ള സമയങ്ങളിൽ ഗതാഗതതടസം പോലും ഉണ്ടാകാവുന്ന വിധത്തിലാണ് ഇപ്പോൾ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത്.
വാഹന പാർക്കിംഗ് നിരോധിച്ചതായി കാണിച്ച് ഇവിടെ ബോർഡുകളൊന്നും സ്ഥാപിക്കാത്തതും ഇവർക്ക് ബലമാകുന്നു. റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് കൃത്യമായ സൗകര്യം ഏർപ്പെടുത്തുകയും അമിതഫീസ് കുറയ്ക്കുകയും ചെയ്താൽ പാതയോരത്തെ വാഹന പാർക്കിംഗ് അവസാനിപ്പിക്കാൻ കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.