ഉരച്ചാല്‍ ഒറിജിനല്‍, ഉടച്ചാല് വ്യാജന്!
1459959
Wednesday, October 9, 2024 7:39 AM IST
കാഞ്ഞങ്ങാട്: വ്യാജവളകള് പണയപ്പെടുത്തി ഒരു വര്‍ഷത്തോളമായി സഹകരണ ബാങ്കുകളെ കബളിപ്പിച്ച് പണയതട്ടിപ്പ് സംഘം തട്ടിയെടുത്തത് ലക്ഷങ്ങള്‍. സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ക്ക് സാധാരണയായി സ്വര്‍ണത്തിന്റെ വളരെ നേര്‍ത്ത പാളിയാണുള്ളത്. പലപ്പോഴും ഒരു മൈക്രോണില്‍ താഴെ സ്വര്‍ണം മാത്രമേ ഇതില്‍ അടങ്ങിയിട്ടുണ്ടാകൂ. അതു കണ്ടെത്താന്‍ എളുപ്പമാണ്.
എന്നാല്‍, പണയതട്ടിപ്പ് സംഘം ഉപയോഗിച്ച വളകള്‍ ഒറിജിനലിനെ വെല്ലുന്നതാണ്. പൈപ്പ് വളകളാണ് തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം എട്ടുഗ്രാം വീതം ഭാരമുള്ള ഈ വളകളില്‍ രണ്ടു മുതല്‍ മൂന്നുഗ്രാം വരെ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. അകംനിറയെ ചെമ്പ് നിറയ്ക്കും. നല്ല കട്ടിയില്‍ സ്വര്‍ണം പൂശിയിട്ടുള്ളതിനാല്‍ ഉരച്ചുനോക്കിയാല്‍ യഥാര്‍ഥ സ്വര്ണമാണെന്നെ തോന്നൂ. മാത്രമല്ല വളകളില്‍ പ്യൂരിറ്റി മാര്‍ക്ക് 916, ബിഐഎസ് ലോഗോ, എംജെ പോലെയുള്ള ജ്വല്ലറിയുടെ ഐഡന്റിഫിക്കേഷന്‍ അടയാളം എന്നിവ ഉണ്ടായിരുന്നു.
സ്വര്‍ണത്തിന്റെ മാറ്റ് അറിയാനുള്ള ഗോള്‍ഡ് അനലൈസര്‍ ഇല്ലാത്ത ചെറുകിട ബാങ്കുകളെയാണ് തട്ടിപ്പുസംഘം ലക്ഷ്യമിട്ടത്. ഇത്തരം വളകള്‍ വ്യാജമാണോയെന്നറിയണമെങ്കില് ഈ ബാങ്കുകള്‍ക്ക് അവ ഉടച്ചുനോക്കിയേ പറ്റൂ. ഇതുവരെ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. എന്നാല്‍, സ്വര്‍ണം അടങ്ങിയ വളകള്‍ ചുമട്ടുതൊഴിലാളികള്‍ക്കും ഗുഡ്സ് ഓട്ടോഡ്രൈവര്മാര്ക്കം കമ്മീഷനായി പണയം വയ്ക്കാന്‍ നല്കിയ മുഖ്യപ്രതി കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ താമസക്കാരനായ മുഹമ്മദ് റയീസ് ഗള്‍ഫിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് പോലീസ് പറഞ്ഞു.
തട്ടിയെടുക്കാൻ സംഘം; കുടുക്കിയത് അപ്രൈസറുടെ മികവ്
ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കുകളുടെ കാഞ്ഞങ്ങാട്ടെ നാലു ശാഖകള്‍, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നു ശാഖകള്‍, ചീമേനി സര്‍വീസ് സഹകരണ ബാങ്ക്, കൊടക്കാട് സര്‍വീസ് സഹകരണ ബാങ്ക്, തിമിരി സര്‍വീസ് സഹകരണ ബാങ്ക് എന്നിവ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഏകദേശം 400 ഗ്രാം തൂക്കമുള്ള 50 സ്വര്‍ണം അടങ്ങിയ വളകള്‍ പ്രതികള്‍ പണയം വച്ചാണ് 18 ലക്ഷം രൂപ ബാങ്കുകളെ കബളിപ്പിച്ചത്.
സെപ്റ്റംബര്‍ 21നു ചീമേനി പെട്ടിക്കുണ്ട് സ്വദേശി കെ. രാജേഷ് 15 കിലോമീറ്റര്‍ അകലെ ചെറുവത്തൂര്‍ ഞാണങ്കൈയിലുള്ള തിമിരി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖയില്‍ 32 ഗ്രാം തൂക്കമുള്ള നാലു വളകള്‍ പണയം വയ്ക്കാനായി വന്നു. രണ്ടുലക്ഷം രൂപയായിരുന്നു ആവശ്യം. എന്നാല്‍, അപ്രൈസര്‍ വളകള്‍ കൈയില്‍ എടുത്തപ്പോള്‍ തന്നെ അതു വ്യാജമാണെന്ന് തിരിച്ചറിഞ്ഞതായി ബാങ്ക് മാനേജര്‍ ഒ.പി. ലങ്കേഷ് പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ തടഞ്ഞുവച്ചപ്പോള്‍ ചീമേനി വില്ലേജിലെ ആമത്തലയിലെ സുഹൃത്ത് എ.പി.കെ. അഷറിൽനിന്നാണ് വളകള്‍ വാങ്ങിയതെന്ന് രാജേഷ് പറഞ്ഞു.
അഷറഫിനെ ബാങ്കിലേക്ക് വിളിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അഷറഫ് എത്തിയപ്പോള്‍ ഇരുവരെയും ചീമേനി പോലീസിന് കൈമാറി. അവരോട് സംസാരിച്ചപ്പോള്‍ അവര്‍ക്ക് പിന്നില്‍ ഒരു ശൃംഖലയുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. അവര്‍ കൂടുതല്‍ ബാങ്കുകളെ ലക്ഷ്യം വച്ചിരിക്കണം. അതിനാലാണ് ഞങ്ങള്‍ പോലീസിനെ വിളിച്ചത്- ലങ്കേഷ് പറഞ്ഞു. വൈകാതെ അവരുടെ അറസ്റ്റുകള്‍ സഹകരണ ബാങ്ക് ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പങ്കിടുകയും അവരുടെ പക്കല്‍ പണയം വച്ച ആഭരണങ്ങള്‍ പ്രത്യേകിച്ച് ഈ രണ്ട് ആളുകള്‍ പണയം വച്ച ആഭരണങ്ങള്‍ അവലോകനം ചെയ്യാന്‍ ബാങ്കുകള്‍ തീരുമാനിക്കുകയും ചെയ്തു.
സഹകരണ ബാങ്കുകളെ ഓരോന്നായി ലക്ഷ്യമിട്ടു
സെപ്റ്റംബര്‍ 23നു ചീമേനി സര്‍വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയില്‍ സ്വര്‍ണം അടങ്ങിയ അഞ്ചു വളകള്‍ പണയംവച്ച് 1.99 ലക്ഷം രൂപ കെ. രാജേഷ് വായ്പയെടുത്തതായി കണ്ടെത്തി.
സെപ്റ്റംബര്‍ 24നു കൊടക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കണ്ണാടിപ്പാറയിലെ പ്രധാന ശാഖയില്‍ 55.3 ഗ്രാം തൂക്കമുള്ള ഏഴു സ്വര്‍ണം നിറച്ച വളകള്‍ പണയപ്പെടുത്തി അഷറഫ് 2.69 ലക്ഷം രൂപ വായ്പയെടുത്തതായി കണ്ടെത്തി. ഇതോടെ സഹകരണവകുപ്പ് ഇടപെട്ട് സഹകരണസംഘങ്ങളിലും ബാങ്കുകളിലും പണയംവച്ച സ്വര്‍ണാഭരണങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ ഉത്തരവിട്ടു. 2023 നവംബറില്‍ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്റെ കാഞ്ഞങ്ങാട് സായാഹ്ന ശാഖയാണ് സംഘം ആദ്യം ലക്ഷ്യമിട്ടതെന്ന് ഓഡിറ്റിംഗില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മുഹമ്മദ് റയീസ് 2023 നവംബര്‍ ഒമ്പതിനും 2024 ജനുവരി അഞ്ചിനുമായി സ്വര്‍ണം നിറച്ച അഞ്ചു വളകള്‍ പണയപ്പെടുത്തി 2.77 ലക്ഷം രൂപ വായ്പയെടുത്തു.
ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിന്റെ ആറങ്ങാടി ശാഖയില്‍ നാലു വളകള്‍ പണയപ്പെടുത്തി 1.32 ലക്ഷം രൂപയും വായ്പയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ടൗണിലെ പടിഞ്ഞാറെ പാണക്കാവ് സ്വദേശി കെ. ബാബുവിനെയാണ് കഴിഞ്ഞദിവസം ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് ടൗണിലെ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കില്‍ ജൂണ്‍ മൂന്നിന് രണ്ടുവളകള്‍ പണയം വച്ചാണ് ബാബു 69,000 രൂപ കടം വാങ്ങിയത്. 5000 രൂപ കമ്മീഷനായി പണയം വയ്ക്കാന്‍ റയീസ് രണ്ടുവളകള്‍ നല്‍കിയെന്ന് ഇയാള്‍ പറഞ്ഞു.
ഏപ്രിലോടെ സംഘം നീലേശ്വരത്തെ ബാങ്കുകള്‍ ലക്ഷ്യമിട്ട് തട്ടിപ്പ് തുടങ്ങി. ഏപ്രില്‍ 11നു നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ മാര്‍ക്കറ്റ് ശാഖയില്‍നിന്ന് 33.9 ഗ്രാം തൂക്കം വരുന്ന സ്വർണം നിറച്ച നാലുവളകള്‍ പണയപ്പെടുത്തി പേരോലിലെ ഗുഡ്സ് ഓട്ടോഡ്രൈവറായ പി. രാജേഷ് 1.42 ലക്ഷം രൂപ വായ്പയെടുത്തു. കഴിഞ്ഞ ഏപ്രില്‍ 12ന് നീലേശ്വരം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ നാലുവളകള്‍ പണയംവച്ച് 1.42 ലക്ഷം രൂപ പി. രാജേഷ് സെപ്റ്റംബര്‍ 27നാണ് തട്ടിപ്പ് പുറത്തായത്, നീലേശ്വരം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
25 ശതമാനം മുതല്‍ 35 ശതതമാനം വരെ (രണ്ടു മുതല്‍ മൂന്നു ഗ്രാം വരെ) വളകള്‍ യഥാര്‍ഥ സ്വര്‍ണമാണെന്ന് മാര്‍ക്കറ്റ് ബ്രാഞ്ച് മാനേജര്‍ വി.വി. വിനോദ് പറഞ്ഞു. ഇതു മൂല്യനിര്ണയക്കാര്ക്ക് വ്യത്യാസം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. മേയ് 22, ജൂണ്‍ 19 തീയതികളില്‍ 83.7 ഗ്രാം തൂക്കമുള്ള 10 വളകള്‍ പണയം വച്ച് 3.9 ലക്ഷം രൂപ തട്ടിയെടുത്ത നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി. സുമേഷ് (38) ആണ് മാര്‍ക്കറ്റ് ശാഖ വീണ്ടും ലക്ഷ്യമിട്ടത്. സുമേഷിന്റെ സുഹൃത്ത് കടിഞ്ഞിമൂലയിലെ എം. സുനില്‍ എന്നയാളും നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയില്‍ മൂന്നു വളകള്‍ പണയപ്പെടുത്തി 1.14 ലക്ഷം രൂപ വായ്പയെടുത്തു. പോലീസ് കൊണ്ടുവന്ന അപ്രൈസര്‍മാര്‍ക്കു പോലും വ്യാജ വളകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഈനിംഗ് ബ്രാഞ്ച് മാനേജര്‍ എം. മനോജ്കുമാര്‍ പറഞ്ഞു. വളകള്‍ മറ്റു ലോഹങ്ങളുമായി കലര്‍ത്തിയതാണെന്ന് കണ്ടെത്താന്‍ അവര്‍ക്ക് വളകള്‍ ഉടയ്ക്കേണ്ടി വന്നു-അദ്ദേഹം പറഞ്ഞു.
രാജേഷിനും റയീസില്‍ നിന്നു വളകള്‍ ലഭിച്ചതായും ഇയാള്‍ക്ക് വടകരയില്‍ ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി മെയിന്‍ ബ്രാഞ്ച് മാനേജര്‍ കെ.ആര്. രാകേഷ് പറഞ്ഞു. എത്രയും വേഗം ഗോള്‍ഡ് അനലൈസര്‍ വാങ്ങാന്‍ തീരുമാനിച്ചതായി തട്ടിപ്പിനിരയായ ബാങ്ക് അധികൃതര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു.
സ്വന്തം ലേഖകന്‍