വൈദ്യുതി ഇറക്കുമതി ശേഷി 5000 മെഗാവാട്ടായി ഉയര്‍ത്തും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
1459957
Wednesday, October 9, 2024 7:25 AM IST
ഉദുമ: ഉഡുപ്പി-കാസര്‍ഗോഡ്-വയനാട് 400 കെവി ലൈന്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ സംസ്ഥാനത്തിന്റെ നിലവിലെ വൈദ്യുതി ഇറക്കുമതി ശേഷി 800 മെഗാവാട്ടില്‍ നിന്നും 5000 മെഗാവാട്ട് ആയി ഉയര്‍ത്താന്‍ കഴിയുമെന്ന് വൈദ്യുതമന്ത്രി കെ. കൃഷ്ണന്‍കുട്ടി. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍, ലൈന്‍ വലിക്കുന്നതിനും ടവര്‍ സ്ഥാപിക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉണ്ടാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഇതു പരിഹരിച്ച് ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉഡുപ്പി-കാസര്‍ഗോഡ് ട്രാന്സ്മിഷന് ലിമിറ്റഡ് കമ്പനി കരിന്തളത്ത് 400 കെവി സബ്സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായി. ലൈന്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സബ്സ്റ്റേഷന് കമ്മീഷന് ചെയ്യാവുന്നതാണ്. മൈലാട്ടി-വിദ്യാനഗര്‍ മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈന്‍ അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി സ്തംഭിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പ്രവൃത്തി പുനഃരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കുറ്റിക്കോല്‍ 110 കെവി സബ്സ്റ്റേഷന് നിര്‍മാണത്തിന് 27 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി നിലവില്‍ 80 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലേശ്വരം 33 കെവി സബ്സ്റ്റേഷന് 110 കെവിയായി ഉയര്‍ത്തുന്ന പ്രവൃത്തിക്ക് 11.5 കോടിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്നും. പദ്ധതി 2025-26ല്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
അഡൂരില്‍ 33 കെവി സബ്സ്റ്റേഷന് സ്ഥാപിക്കുന്നതിന് 11.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചുവരുന്നു. പദ്ധതി 2025-26 കാലയളവില്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
2032 വരെയുള്ള പ്രസരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ലക്ഷ്യമിട്ട് രൂപപ്പെടുത്തിയിട്ടുള്ള ട്രാന്സ്മിഷന് പ്ലാനില്‍ ഉള്‍പ്പെടുത്തി 353.1 കോടി രൂപയുടെ പദ്ധതികള്‍ പ്രസരണ വിഭാഗത്തിന്റെ കീഴില്‍ ജില്ലയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. സാങ്കേതിക പഠനവും സാമ്പത്തിക വിശകലനവും അനുകൂലമാണെങ്കില്‍ ഇവ ഏറ്റെടുക്കുമെന്നും മന്ത്രി അിയിച്ചു.
2026-27 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന വെള്ളിക്കുണ്ട് 110 കെവി സബ്സ്റ്റേഷന് (28 കോടി), ബോവിക്കാനം 33 കെവി സബ്സ്റ്റേഷന് (12 കോടി), പടന്നക്കാട് 33 കെവി സബ്സ്റ്റേഷന് (10 കോടി), പടന്ന 33 കെവി സബ്സ്റ്റേഷന് (12 കോടി), ചെമ്പരിക്ക 33 കെവി സബ്സ്റ്റേഷന് (13 കോടി), വൊര്‍ക്കാടി 33 കെവി സബ്സ്റ്റേഷന് (16.5 കോടി) എന്നിവയുടെയും, 2026-28 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പെരിയ 110 കെവി സബ്സ്റ്റേഷന് (23 കോടി), പൈവളികെ 110 കെവി സബ്സ്റ്റേഷന് (26 കോടി), 2027-28 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ബേളൂര്‍ 33 കെവി സബ്സ്റ്റേഷന് 110 കെവിയായി ഉയര്‍ത്തുന്നത് (23 കോടി), 2028-29ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചീമേനി 220 കെവി സബ്സ്റ്റേഷന് (33 കോടി രൂപ), ബേക്കല്‍ 33 കെവി സബ്സ്റ്റേഷന് (11 കോടി), ചിത്താരി 33 കെവി സബ്സ്റ്റേഷന് (എട്ടു കോടി) എന്നിവയുടെയും സാങ്കേതിക പഠനം നടത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ നടന്നുവരുന്നു.
വ്യവസായവത്കരണം, ഗതാഗതം അടക്കമുള്ള മേഖലകളിലെ വൈദ്യുതി ഊര്‍ജത്തിലേക്കുള്ള മാറ്റം തുടങ്ങയവ 2021ല്‍ ആസൂത്രണം ചെയ്ത ദ്യുതി, ആര്‍ഡിഎസ്എസ് പദ്ധതികള്‍ ചില പ്രദേശങ്ങളിലെ ഊര്‍ജാവശ്യകത നിറവേറ്റാന്‍ പര്യാപ്തമല്ലാത്ത സ്ഥിതിവിശേഷമുണ്ടായതിനാല് ഇതിലുള്പ്പെട്ട് കാസര്‍ഗോഡ് ജില്ലയില്‍ 394 കോടിയുടെ സമഗ്രമായ വികസനത്തിനുള്ള സ്പെഷല്‍ പാക്കേജിന് കെഎസ്ഇബി അംഗീകാരം നല്‍കിയിട്ടുണ്ട്. മേല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം നാളെ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.