ഗോവിന്ദപൈ കോളജ് ജംഗ്ഷനില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണം
1591712
Monday, September 15, 2025 1:59 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം ഗോവിന്ദപൈ കോളജ് ജംഗ്ഷനില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധപ്രകടനവും ഒപ്പുശേഖരണ കാമ്പയ്നും സംഘടിപ്പിക്കും.മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് ജംഗ്ഷനും മഞ്ചേശ്വരം രാഗം ജംഗ്ഷനും ഇടയില്‍ ഒരു അണ്ടര്‍പാസ് നിര്‍മിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
185 ദിവസത്തെ നിരന്തര പോരാട്ടത്തിനൊടുവിലാണ് അണ്ടര്‍പാസിനു പകരം ഒരു ഫുട് ഓവര്‍ബ്രിഡ്ജിന് അംഗീകാരം ലഭിച്ചത്. നിര്‍ദ്ദിഷ്ട ഫുട് ഓവര്‍ബ്രിഡ്ജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഹൈവേ അതോറിറ്റി മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ബോര്‍ഡ് യോഗം ജനുവരി 16നു നടന്നിരുന്നു.
യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനവും ഇതിനെ അനുകൂലിക്കുന്നതായിരുന്നു.
എന്നാൽ പഞ്ചായത്തിന്റെ തീരുമാനത്തെ ധിക്കരിച്ചും ചില നിക്ഷിപ്ത താല്പര്യങ്ങളുടെ ഭാഗമായി നിര്ദ്ദിഷ്ടനടപ്പാലം മഞ്ചേശ്വരം രാഗം ജംഗ്ഷനിലേക്ക് മാറ്റി. പട്ടികജാതി, പട്ടികവര്‍ഗ സമൂഹങ്ങള്‍ കൂടുതലുള്ള ഹൊസബെട്ടു, ചൗക്കി, ഗെരുക്കാട്ടെ, ബഡാജെ, മച്ചംപാടി തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 2000 ത്തോളം കുടുംബങ്ങളാണ് ഇതിന്റെ ബുദ്ധിമുട്ട് നേരിടുന്നത്.
മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും എത്താന്‍ അവര്‍ക്ക് ദിവസവും രണ്ടു കിലോമീറ്റര്‍ കൂടി നടക്കേണ്ടിവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.എച്ച്. അബ്ദുള്‍ ഹമീദ്, യാദവ് ബഡാജെ, എച്ച്. മഹാലിംഗ, അനീഷ്, എസ്. മിഥുന് എന്നിവര്‍ സംബന്ധിച്ചു.