അജൈവമാലിന്യവും ഇ മാലിന്യവും നേരിട്ട് ശേഖരിക്കാൻ നീലേശ്വരത്ത് ഇക്കോ ബാങ്ക്
1591714
Monday, September 15, 2025 1:59 AM IST
നീലേശ്വരം: അജൈവമാലിന്യങ്ങളും ഇ മാലിന്യങ്ങളും വ്യക്തികളിൽനിന്ന് നേരിട്ട് ശേഖരിക്കാൻ ക്ലീൻ കേരള കമ്പനിക്കു കീഴിൽ നീലേശ്വരത്ത് ഇക്കോ ബാങ്ക് തുടങ്ങി. പാലായിയിലെ ആർആർഎഫിലാണ് ഇക്കോ ബാങ്ക് പ്രവർത്തിക്കുക. സംസ്ഥാനതലത്തിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അനുവദിച്ച ആദ്യകേന്ദ്രമാണ് ഇത്.
നിർമാണ പ്രവർത്തനങ്ങളോ പൊതുചടങ്ങുകളോ കഴിയുമ്പോൾ ബാക്കിയാകുന്ന അജൈവമാലിന്യങ്ങൾ ചാക്കിൽ നിറച്ച് ഇവിടെയെത്തിക്കാം. ഹരിതകർമസേനയിൽ നിന്ന് വിഭിന്നമായി റീസൈക്ലിംഗിന് ഉപയോഗിക്കാവുന്ന വസ്തുക്കൾക്കെല്ലാം വില കിട്ടുമെന്ന പ്രത്യേകതയുമുണ്ട്. റീസൈക്ലിംഗിന് ഉപയോഗിക്കാനാകാത്ത പാഴ് വസ്തുക്കൾക്ക് മാത്രമേ അങ്ങോട്ട് പണം നൽകേണ്ടതുള്ളൂ.
ഭക്ഷണാവശിഷ്ടം, മെഡിക്കൽ മാലിന്യം, സാനിറ്ററി മാലിന്യം, രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ, ജൈവാംശമുള്ള മാലിന്യം എന്നിവ ഇക്കോ ബാങ്കിൽ സ്വീകരിക്കില്ല. മറ്റെല്ലാ തരം അജൈവ പാഴ് വസ്തുക്കളും ഇലക്ട്രോണിക് മാലിന്യവും സ്വീകരിക്കും. സിമന്റ് ചാക്ക്, തെർമോക്കോൾ, സാധാരണ കണ്ടെയ്നറുകൾ, കാർട്ടണുകൾ, പായ്ക്കിംഗ് സാമഗ്രികൾ എന്നിവയെല്ലാം സ്വീകരിക്കും.
നിർമാണ പ്രവർത്തനങ്ങൾക്കുശേഷമുള്ള സിമന്റ് ചാക്കുകളും ടൈലുകളുടെയും മറ്റും പെട്ടികളും മറ്റ് അവശിഷ്ടങ്ങളും വിവാഹവും ഗൃഹപ്രവേശവും പോലുള്ള ചടങ്ങുകൾക്കു ശേഷം ബാക്കിയാകുന്ന പ്ലാസ്റ്റിക് മാലിന്യവും ഇവിടെയെത്തിക്കാം. എന്നാൽ ഇലകളോ ഭക്ഷണാവശിഷ്ടങ്ങളോ സ്വീകരിക്കില്ല. ഫോൺ: 0467-2082143, 8714691143.