ജലബജറ്റ്: ജില്ലയില്‍ 3039.126 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമിച്ചം
1459956
Wednesday, October 9, 2024 7:25 AM IST
കാസര്‍ഗോഡ്: ജില്ലയിലെ ആകെ ജലലഭ്യത വര്‍ഷത്തില്‍ 4261. 32443 ദശലക്ഷം ക്യുബിക് മീറ്റര്‍. ആകെ ജലആവശ്യം 1222.199 ദശലക്ഷം ക്യുബിക് മീറ്റര്‍. 3039.126 ദശലക്ഷം ക്യുബിക് മീറ്റര്‍ ആണ് ജലമിച്ചം. ജില്ലാ പഞ്ചായത്ത് തയാറാക്കിയ ജലബജറ്റിലാണ് വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. 2012-13 മുതല്‍ 2021-22 വരെ തുടര്‍ച്ചയായ 10 വര്‍ഷങ്ങളിലെ മഴ ലഭ്യതയുടെ ശരാശരി പരിഗണിക്കുമ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ശരാശരി വാര്‍ഷിക മഴ ലഭ്യത 3354.69 മില്ലിമീറ്റർ (സിസിആര്‍ഐ വര്‍ഷമാപിനി) ആണ്.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലലഭ്യത ക്രോഡീകരിക്കുമ്പോള്‍ ജില്ലയിലെ ആകെ ജലലഭ്യത വര്‍ഷത്തില്‍ 4261.32443 ദശലക്ഷം ക്യുബിക് മീറ്ററാണ്. ആകെ ഉപരിതല ജലലഭ്യതയുടെ 50 ശതമാനവും ഭൂജലലഭ്യതയുടെ 90 ശതമാനവും കൂട്ടിചേര്ത്തിട്ടാണ് ആകെ ജലലഭ്യത കണക്കാക്കുന്നത്.
ജല ആവശ്യങ്ങള്‍ നിര്‍ണയിക്കുന്നതിന് പ്രധാനമായും ഗാര്‍ഹികം, കൃഷി, മൃഗസംരക്ഷണം, വ്യാപാരം, വ്യവസായം, പൊതു-സ്വകാര്യസ്ഥാപനങ്ങള്‍, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്കുള്ള ജല ആവശ്യമാണ് പരിഗണിച്ചിട്ടുള്ളത്. ഇതുപ്രകാരം ജില്ലയിലെ ആകെ ജലആവശ്യം 1222.199 ദശലക്ഷം ക്യുബിക് മീറ്ററാണ്. ജല ആവശ്യം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കൃഷി ആവശ്യങ്ങള്‍ക്കാണ് (1127. 137 ദശലക്ഷം ക്യുബിക് മീറ്റര്‍) കൂടുതല്‍ ജലം ഉപയോഗിക്കുന്നത് എന്ന് കണ്ടെത്താനാവും. ഇതു കൂടാതെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി 64.924 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലവും വ്യവസായിക ആവശ്യങ്ങള്‍ക്കായി 41.1589 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലവും ഉപയോഗിക്കുന്നു.
കേന്ദ്ര ഭൂജല വകുപ്പിന്റെ 2023 ലെ റിപ്പോര്‍ട്ട് പ്രകാരം കാസര്‍ഗോഡ് ജില്ലയുടെ ഭൂജല വികസനം 72.75 ശതമാനം ആണ് (സെമിക്രട്ടിക്കൽ വിഭാഗം). എന്നാല്‍, ജില്ലയുടെ ഭൂജല വികസനം 2017ല്‍ 79.64 ശതമാനം, 2020 ല്‍ 76.40 ശതമാനം ആയിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാസര്‍ഗോഡ് ബ്ലോക്ക് ഭൂജല വികസനത്തിന്റെ കാര്യത്തില്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലും (ഭൂജല വികസനം- 92.99 ശതമാനം) മഞ്ചേശ്വരം ബ്ലോക്ക് സെമിക്രിട്ടിക്കല്‍ വിഭാഗത്തിലും (ഭൂജല വികസനം- 80.96 ശതമാനം) ആണ്.
ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകള്‍ സുരക്ഷിത വിഭാഗത്തിലാണ്. ജലബജറ്റിന്റെ തുടര്‍ച്ചയായി കാസര്‍ഗോഡ് ജില്ലയുടെ ജലസുരക്ഷാ പ്ലാന്‍ തയാറാക്കേണ്ടതുണ്ട്. ജില്ലയിലെ നദികളുടെ വൃഷ്ടിപ്രദേശത്തിന്റെ പുനരുജ്ജീവനം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്. പഞ്ചായത്തുകളും നഗരസഭകളും തയാറാക്കിയ ഹരിതകേരളം ജലബജറ്റ് റിപ്പോര്‍ട്ടിനെ ക്രോഡീകരിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് ജില്ലാ തല ജലബജറ്റ് രേഖ തയാറാക്കിയിട്ടുള്ളത്.
ജലബജറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തല്‍സ്ഥല മണ്ണ്-ജല സംരക്ഷണത്തിനും ഭൂജല പരിപോഷണത്തിനും ജല പുനരുജ്ജീവനത്തിനും കാര്‍ഷിക വികസനത്തിനും ഉതകുന്ന കര്‍മപരിപാടികള്‍ ഉള്‍പ്പെടുത്തി ജനകീയ ചര്‍ച്ചകളിലൂടെ സമഗ്രമായ ജില്ലാ ജലസുരക്ഷ പ്ലാന്‍ തയാറാക്കുകയു വിവിധ വകപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനത്തോടെ നടപ്പാക്കുകയും വേണം.
ജലസേചനം, ഭൂജല വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, വനം, കൃഷി, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ജില്ലാ തല സാങ്കേതിക സമിതി ജലബജറ്റ് പരിശോധിക്കുകയും ജലസുരക്ഷ പ്ലാന്‍ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷന് മുഖേന ആരംഭിച്ചിട്ടുണ്ട്.