വൈനിങ്ങാലിൽ മൊബൈൽ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു
1459952
Wednesday, October 9, 2024 7:25 AM IST
നീലേശ്വരം: പുതുക്കൈ വൈനിങ്ങാലിൽ മൊബൈൽ ടവറിന്റെ നിർമാണം നാട്ടുകാർ തടഞ്ഞു. റവന്യൂഭൂമി കൈയേറിയാണ് ജനവാസ മേഖലയിൽ മൊബൈൽ ടവർ നിർമിക്കുന്നതെന്നാണ് ആരോപണം. സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുണ്ടെന്നു പറയുന്ന സ്വകാര്യ വ്യക്തി മുഖേന നീലേശ്വരം നഗരസഭയുടെ അനുമതി വാങ്ങിയാണ് എയർടെലിനു വേണ്ടി ഇൻഡസ് ടവർ ലിമിറ്റഡ് കമ്പനി ടവറിന്റെ നിർമാണം തുടങ്ങിയത്.
എന്നാൽ, ഈ സ്ഥലം കാഞ്ഞങ്ങാട് നഗരസഭയുടെ പരിധിയിൽ വരുന്നതാണെന്നും ടവർ നിർമാണത്തിന് സ്ഥലം നൽകിയ വ്യക്തി റവന്യൂഭൂമി കൈയേറിയതാണെന്നുമാണ് നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി പറയുന്നത്. രണ്ടു നഗരസഭകളും അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇത്.
ഇവിടെ സ്വകാര്യ വ്യക്തികൾ വ്യാപകമായി സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകുമെന്നും ഇക്കാര്യത്തിൽ രണ്ടു നഗരസഭകളും റവന്യൂവകുപ്പും വിശദമായ അന്വേഷണം നടത്തണമെന്നും അവർ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി വി. സുരേശൻ-പ്രസിഡന്റ്, രാജേഷ്-വൈസ് പ്രസിഡന്റ്, രൂപേഷ് ബാബു-സെക്രട്ടറി, ഗിരീഷ്കുമാർ-ജോ. സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.