ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിലെ പരാതികള്‍; കളക്ടറുടെ കാമ്പയിന് ഏഴു മുതല്‍
1459137
Saturday, October 5, 2024 7:36 AM IST
കാസര്‍ഗോഡ്: ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിൽ നൂറു ശതമാനം ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരാതിരഹിതമായ റിക്കാർഡ് തയാറാക്കുന്നതിനും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ സര്‍വേ-റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വില്ലേജുകളിലേക്ക് നേരിട്ട് എത്തുന്നു.
എന്റെ ഭൂമി ഞാന്‍ ഉറപ്പാക്കി എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് ഇതു സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ച് റവന്യുവകുപ്പിന് കൈമാറ്റം ചെയ്യുന്ന വില്ലേജുകളില്‍ പിന്നീട് സര്‍വേ-റവന്യു, രജിസ്ട്രേഷന് വകുപ്പുകളുടെ സേവനം ഭൂമിയുടെ ക്രയ വിക്രയങ്ങള്‍, വായ്പ നികുതിയടവ് പോലുള്ളവ ഡിജിറ്റല്‍ സര്‍വേ റിക്കാർഡ് അടിസ്ഥാനമാക്കി മാത്രമേ ലഭ്യമാവുകയുള്ളൂ.
ജില്ലയില്‍ ആദ്യഘട്ടമായി ഡിജിറ്റല്‍ സര്‍വേ നടത്തിയ 18 വില്ലേജുകളിലും ജനങ്ങള്‍ക്ക് സര്‍വേ റിക്കാർഡ് പരിശോധിക്കുവാനും പരാതി സമര്‍പ്പിക്കുവാനുമുള്ള അവസരമാണ് ഇതുവഴി ജില്ലാ ഭരണ സംവിധാനം ഒരുക്കുന്നത്.
ഇതു സംസ്ഥാനത്ത് ആദ്യമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ജനകീയ കാമ്പയിനാണ്. ഏഴിന് വൈകുന്നേരം 5.30നു തളങ്കര ജിഎംവിഎച്ച്എസ്എസില് കാമ്പയിന് ആരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.