നീന്തൽക്കുളത്തിൽ വീണ്ടും പാലാവയലിന് പൊൻതിളക്കം
1458463
Wednesday, October 2, 2024 8:09 AM IST
നീലേശ്വരം: ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ നീന്തൽ മത്സരങ്ങളിൽ 180 പോയിന്റും 10 വ്യക്തിഗത ചാമ്പ്യൻഷിപ്പുമായി പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും പൊൻതിളക്കം. പാലാവയലിന്റെ ചിറകിലേറി ആകെ 195 പോയിന്റും 12 വ്യക്തിഗത ചാമ്പ്യൻഷിപ്പുമായി ചിറ്റാരിക്കാൽ ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. 35 പോയിന്റ് നേടിയ ഹൊസ്ദുർഗ് ഉപജില്ല രണ്ടാം സ്ഥാനവും 11 പോയിന്റ് നേടിയ ചെറുവത്തൂർ ഉപജില്ല മൂന്നാം സ്ഥാനവും നേടി.
പാലാവയൽ സ്കൂളിൽ നിന്ന് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത 26 കുട്ടികളിൽ 25 പേരും സംസ്ഥാന മത്സരങ്ങളിലേക്ക് യോഗ്യത നേടി. സ്കൂൾ കായികാധ്യാപകൻ നിധിൻ ജോസഫ്, നീന്തൽ കോച്ച് ബിജു മാത്തശേരി എന്നിവരാണ് സമാനതകളില്ലാത്ത നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച പരിശീലകർ.
വ്യക്തിഗത ചാമ്പ്യൻമാർ: സീനിയർ വിഭാഗം-അഭിഷേക് മോഹൻ, ആൽഫിൻ ഷാജു, മെറീന ബിനു (മൂവരും പാലാവയൽ സെന്റ് ജോൺസ്) റിസ റോസ് (കാഞ്ഞങ്ങാട് ദുർഗ). ജൂണിയർ വിഭാഗം-കെവിൻ സെബാസ്റ്റ്യൻ, മാർട്ടിൻ പി. മാത്യു, ജോയൽ ജോർജ്, ക്രിസ്റ്റീന അഗസ്റ്റിൻ, അനീന ഷാജു (എല്ലാവരും പാലാവയൽ സെന്റ് ജോൺസ്). സബ് ജൂണിയർ-ബി. കാശിനാഥ്, ജോസ് ആൽബർട്ട്, മിഷേൽ സൂസൻ (മൂവരും പാലാവയൽ സെന്റ് ജോൺസ്), തെരേസ സെസിൽ (ചിറ്റാരിക്കാൽ സെന്റ് മേരീസ് സ്കൂൾ).