പൊതുവിദ്യാലയങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ല: കെപിഎസ്ടിഎ
1458106
Tuesday, October 1, 2024 7:56 AM IST
കാഞ്ഞങ്ങാട്: കെഇആര്‍ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി അക്കാദമിക മോണിറ്ററിംഗിന് യോഗ്യതയില്ലാത്തവരെ കുത്തുനിറച്ച് പൊതുവിദ്യാലയങ്ങളില്‍ രാഷ്ട്രീയവത്കരണം നടത്താനുള്ള വകുപ്പ് തീരുമാനം അംഗീകരിക്കില്ലെന്ന് കെപിഎസ്ടിഎ റവന്യു ജില്ലാകമ്മിറ്റി യോഗം.
ബിആര്‍സി പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞദിവസം മോണിറ്ററിംഗ് ടീമിന്റെ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ ഓഫീസർമാരല്ലാത്ത ആര്‍ക്കും നിയമപരമായി വിദ്യാലയങ്ങളില്‍ പരിശോധനയ്ക്ക് അര്‍ഹതയില്ല. ഇടതുസര്‍ക്കാര്‍ തുടര്‍ച്ചയായി വിവാദങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയാണ്. പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ മറവില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങളില്‍ മനംമടുത്ത് പൊതുവിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ കൊഴുഞ്ഞുപോക്ക് വര്‍ധിക്കുകയാണ്.
അധ്യാപകരെയും വിദ്യാര്‍ഥികളെയും വിദ്യാലയങ്ങളെയും വിശ്വാസത്തിലെടുക്കാതെയുള്ള പരിഷ്കാരങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം. സ്വതന്ത്രവും ക്രിയാത്മകവുമായ പ്രവര്‍ത്തനസാഹചര്യം ഒരുക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് പൊതുവിദ്യാലയങ്ങളെ ഉപയോഗിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായി ഇറക്കിയ മോണിറ്ററിംഗ് ഉത്തരവ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസില്‍ നടന്ന യോഗം സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി. ശശിധരന്, പ്രശാന്ത് കാനത്തൂര്‍, യൂസഫ് കൊട്ട്യാടി, പി.കെ. ബജു പി. ചന്ദ്രമതി, ടി. രാജേഷ് കുമാര്‍, കെ. ഗോപാലകൃഷ്ണന്, പി. ജലജാക്ഷി, കെ. സുഗതന്, സോജിന് ജോര്‍ജ്, നികേഷ് മാടായി, വിമല്‍ അടിയോടി, എം.കെ. പ്രിയ, സി.കെ. അജിത, സി.എം. വര്‍ഗീസ്, പി. ശ്രീജ, കെ.കെ. സജിത് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി.ടി. ബെന്നി സ്വാഗതവും ട്രഷറര്‍ ജോമി ടി. ജോസ് നന്ദിയും പറഞ്ഞു.