പ്രവാസി ഗ്രാമസഭകള്‍ ആരംഭിക്കണം: പ്രവാസി സംഘടനകള്‍
1458103
Tuesday, October 1, 2024 7:56 AM IST
കാസര്‍ഗോഡ്: ലോക കേരള സഭയില്‍ നിര്ദ്ദേശിച്ചിട്ടുളള പ്രവാസി ഗ്രാമസഭകള്‍ ആരംഭിക്കണമെന്ന് പ്രവാസി സംഘടനാ പ്രതിനിധികള്‍ നിയമസഭാ സമിതിയോട് ആവശ്യപ്പെട്ടു.
പ്രവാസി സ്വാശ്രയ സംഘങ്ങള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരഭിക്കാന്‍ രജിസ്ട്രേഷന് അനുവദിക്കണം, കൂടുതല്‍ പ്രവാസികളുള്ള കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേകം റിജിയണല്‍ ഓഫീസ് ആരംഭിക്കണം തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങളാണ് പ്രവാസി ക്ഷേമ സംഘടനകള്‍ നിയമസഭാ സമിതിക്ക് മുന്നില്‍ അറിയിച്ചത്. ജില്ലയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കണമെന്നുംപ്രതിനിധികള് ആവശ്യപ്പെട്ടു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്മാന് എ.സി. മൊയ്തീന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ എംഎല്‍എമാരായ എ.കെ.എം. അഷറഫ്, സേവ്യര്‍ ചിറ്റിലപ്പള്ളി, ഇ.ടി. ടൈസണ്‍, കെ.എന്‍. ഉണ്ണികൃഷ്ണന്, എഡിഎം പി. അഖില്‍, നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി ജി. ജയകുമാര്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് കോഴിക്കോട് റിജിയണല്‍ ഓഫീസ് ഡിസ്ട്രിക്ട് എക്സ്റ്റന്‍ഷണല്‍ ഓഫീസര്‍ എം. മുഹമ്മദ് ബഷീര്‍, നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്, എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.