കെട്ടിടമൊരുങ്ങി; യാർഡ് ഒരുങ്ങുംമുമ്പേ നീലേശ്വരം ബസ്സ്റ്റാൻഡ് ഉദ്ഘാടനത്തിന്
1601481
Tuesday, October 21, 2025 1:48 AM IST
നീലേശ്വരം: നിർമാണപ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായ നീലേശ്വരം ബസ് സ്റ്റാൻഡിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ 28 നും തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് 30നും ജില്ലയിലെത്തുന്നുണ്ട്. ഇവരിലൊരാളുടെ സമയം കിട്ടുന്ന മുറയ്ക്ക് ഉദ്ഘാടനം നടത്താനാണ് നഗരസഭാ ഭരണസമിതിയുടെ നീക്കം.
അതേസമയം പുതിയ ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട യാർഡിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ. നിലവിലുള്ള താത്കാലിക ബസ് ഷെൽട്ടർ ഉൾപ്പെടെ പൊളിച്ചുനീക്കിയാണ് യാർഡ് നിർമിക്കേണ്ടത്. യാർഡിന്റെ നിർമാണവും ടാറിംഗും പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കുമെന്ന കാര്യം ഉറപ്പാണ്.
അതിനുവേണ്ടി കാത്തുനിന്നാൽ നഗരസഭയുടെ ഈ ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനം നടത്താനാവില്ലെന്നതുകൊണ്ടാണ് കെട്ടിടത്തിന്റെ മാത്രമായി ഉദ്ഘാടനം നടത്തുന്നത്. യാർഡിന്റെ നിർമാണം കൂടി പൂർത്തിയായതിനു ശേഷം മാത്രമേ ഇവിടേക്ക് ബസുകളെ പ്രവേശിപ്പിക്കാൻ സാധ്യതയുള്ളൂ.
8000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ബസ് സ്റ്റാൻഡിന്റെ നാലുനില കെട്ടിടത്തിൽ ഷോപ്പിംഗ് കോംപ്ലക്സും കോൺഫറൻസ് ഹാളും ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.
അണ്ടർ ഗ്രൗണ്ടിൽ വിപുലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. ആദ്യ രണ്ട് നിലകൾ ഷോപ്പിംഗ് കോംപ്ലക്സിനായും മൂന്നാംനില വിവിധ ഓഫീസുകൾക്കായുമാണ് ഒരുക്കിയിട്ടുള്ളത്.
16.15 കോടി രൂപയാണ് കെട്ടിടത്തിന്റെ നിർമാണച്ചെലവ്. ഇതിൽ 90 ശതമാനം തുകയും കേരള അർബൻ ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽനിന്ന് വായ്പയെടുത്തതാണ്.
നീലേശ്വരത്തെ കെ.ജെ.ജോയിയാണ് നിർമാണ കരാർ ഏറ്റെടുത്തത്.