അഞ്ചു പഞ്ചായത്തുകളെ അതിദാരിദ്ര്യമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കും
1457661
Monday, September 30, 2024 1:41 AM IST
കാസര്‍ഗോഡ്: നവംബര്‍ ഒന്നിന് അഞ്ചു പഞ്ചായത്തുകളെ അതിദാരിദ്ര്യമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കും. ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്‍ഗണനാ പദ്ധതികള്‍ അവലോകനം ചെയ്തത്. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കുറ്റിക്കോല്‍, പിലിക്കോട്, ബെള്ളൂര്‍ എന്നീ പഞ്ചായത്തുകളെയാണ് അതിദാരിദ്ര്യ മുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കുക. 2025 മാര്‍ച്ച് 30നകം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ തയാറായി.
നവംബര്‍ 30ന് എട്ടു പഞ്ചായത്തുകളെയും ഡിസംബര്‍ 30നു 11 പഞ്ചായത്തുകളെയം 2025മാര്‍ച്ച് 30ന് 11 പഞ്ചായത്തുകളെയും മൂന്ന് നഗരസഭകളെയും അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കും. ഷെല്‍ട്ടര്‍ പദ്ധതിയില്‍ 608 വീടുകള്‍ ആവശ്യമുള്ളതില്‍ 203 എണ്ണം പൂര്‍ത്തീകരിച്ചു. 405 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. ബാക്കിയുള്ള മുഴുവന്‍ വീടുകളും 2025 ജനുവരിയോടെ പൂര്‍ത്തിയാക്കും. ജലജീവന്‍ മിഷന് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 38,297 കണക്ഷനുകള്‍ നല്കി. 1,78,885 കണക്ഷനുകള്‍ നല്‍കാനുണ്ട്.