കൊടുക്കാം, പ്രകാശനും രാജേഷിനും കൈയടി
1454545
Friday, September 20, 2024 1:56 AM IST
രാജപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി കെഎസ്ആർടിസി ജീവനക്കാർ. ഇന്നലെ രാവിലെയാണ് സംഭവം. പാണത്തൂർ - കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ മാലക്കല്ലിൽ നിന്ന് കയറിയ ശ്രീരാജ് പെരുമ്പള്ളിക്കാണ് (33) ചുള്ളിക്കരയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻ തന്നെ ഡ്രൈവർ ബസ് പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയിൽ എത്തിച്ച് യാത്രക്കാരന് അടിയന്തര ചികിത്സ ലഭ്യമാക്കിയശേഷമാണ് ബസ് തിരിച്ച് വീണ്ടും കാഞ്ഞങ്ങാട്ടേക്ക് യാത്ര തുടർന്നത്. ഡ്രൈവർ പ്രകാശൻ, കണ്ടക്ടർ കോളിച്ചാലിലെ കെ.രാജേഷ് എന്നിവരായിരുന്നു ബസിലെ ജീവനക്കാർ.