ഡോക്ടറുടെ വീടിനുനേരെ ആക്രമണം; കാറുകളും ജനൽച്ചില്ലുകളും തകർത്തു
1454245
Thursday, September 19, 2024 1:42 AM IST
കാഞ്ഞങ്ങാട്: സർക്കാർ ഡോക്ടറുടെ വാടകവീടിനു നേരെ അജ്ഞാതരുടെ ആക്രമണം. കാസർഗോഡ് ജനറൽ ആശുപത്രിയിലെ സർജൻ ഡോ.എൻ.വി.അഭിജിത് ദാസിന്റെ മാവുങ്കാൽ ഉദയംകുന്നിലുള്ള വാടകവീടിനു നേരെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനൽച്ചില്ലകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന ഹോണ്ട സിറ്റി, ആൾട്ടോ കാറുകളുടെ മുൻവശത്തെ ഗ്ലാസുകളും കല്ലുകൊണ്ട് കുത്തിപ്പൊട്ടിച്ച നിലയിലാണ്. ഇന്നലെ പുലർച്ചെ ഒരു മണിക്കും മൂന്നുമണിക്കും ഇടയിലായിരുന്നു സംഭവമെന്നാണ് നിഗമനം.
നാലുമാസം മുമ്പു മാത്രമാണ് ഡോക്ടർ ഈ വീട്ടിൽ താമസം തുടങ്ങിയത്. സംഭവത്തിനു പിന്നിൽ ആരാണെന്നറിയില്ലെന്ന് ഡോക്ടർ പറഞ്ഞു. ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.