കാസർഗോട്ട് നഗരപാതകളിലും പാതാളക്കുഴികൾ
1453967
Wednesday, September 18, 2024 1:28 AM IST
കാസർഗോഡ്: സംസ്ഥാന പാതയിലെയോ പണി നടക്കുന്ന ദേശീയപാതയിലെയോ കുഴികൾ കടന്ന് ജില്ലാ ആസ്ഥാനമായ കാസർഗോട്ടെത്തുന്നവരെ കാത്തിരിക്കുന്നത് പാതാളക്കുഴികൾ നിറഞ്ഞ നഗരപാതകൾ. സംസ്ഥാനപാതയിൽ നിന്ന് നഗരത്തിലേക്കുള്ള പ്രവേശനകവാടമായ ചന്ദ്രഗിരി റോഡ് ജംഗ്ഷനിൽ നിന്ന് തുടങ്ങി പുതിയ ബസ് സ്റ്റാൻഡ് പരിസരവും റെയിൽവേ സ്റ്റേഷൻ റോഡുമെല്ലാം കുഴികൾ നിറഞ്ഞുകിടക്കുകയാണ്.
താലൂക്ക് ഓഫീസ് പരിസരത്തുനിന്ന് തുടങ്ങി തായലങ്ങാടി വഴി റെയിൽവേ സ്റ്റേഷൻ എത്തുന്നതു വരെയുള്ള പൊതുമരാമത്ത് റോഡിൽ പലയിടങ്ങളിലും ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. കുഴികളിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുന്നത് ഗതാഗതക്കുരുക്കും രൂക്ഷമാക്കുന്നുണ്ട്.
കറന്തക്കാട് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡിന്റെ നവീകരണത്തിന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് നാലുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചു. കഴിവതും വേഗത്തിൽ പണി തുടങ്ങി ഡിസംബറിനു മുമ്പ് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം ഓവുചാലുകളുടെ നവീകരണവും നടക്കുന്നുണ്ട്.
ചന്ദ്രഗിരിപ്പാലം മുതൽ പഴയ പ്രസ് ക്ലബ് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ അപകടക്കുഴികൾ അടച്ച് റോഡ് നവീകരിക്കുന്ന പ്രവൃത്തി ഇന്നുമുതൽ തുടങ്ങുകയാണ്.
ഒരു വർഷം മുമ്പ് ഒരു വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് ഇവിടുത്തെ ഏതാനും കുഴികൾ നികത്തിയിരുന്നെങ്കിലും പിന്നീട് അതിലും വലിയവ രൂപപ്പെടുകയായിരുന്നു. പ്രവൃത്തികൾ 10 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുള്ളത്.
നഗരസഭയുടെ കീഴിലുള്ള നായക്സ് റോഡ്, ഐസി ഭണ്ഡാരി റോഡ്, പുലിക്കുന്ന് റോഡ് എന്നിവയും കുഴികൾ നിറഞ്ഞു കിടക്കുകയാണ്. ഇവയുടെ നവീകരണത്തിനായി പദ്ധതി തയാറാക്കി വരുന്നതായി നഗരസഭാ അധികൃതർ പറയുന്നു.
പക്ഷേ എസ്റ്റിമേറ്റ് തയാറാക്കലും ഫണ്ട് വകയിരുത്തലും ടെൻഡർ ക്ഷണിക്കലുമടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ മാസങ്ങളെടുക്കുമെന്ന കാര്യം ഉറപ്പാണ്. അതുവരെ കുഴികളിൽ ആടിയുലഞ്ഞ് പോകാനാകും യാത്രക്കാരുടെ വിധി.