ഓണസദ്യ നല്കി വെള്ളരിക്കുണ്ട് പോലീസ്
1453963
Wednesday, September 18, 2024 1:28 AM IST
വെള്ളരിക്കുണ്ട്: മക്കളും ബന്ധുക്കളും ഉപേക്ഷിച്ച വിവിധ സംസ്ഥാനക്കാരായ 20 ഓളം അമ്മമാർക്ക് ഓണസദ്യ നല്കി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്. 60 വയസിനു മുകളിൽ പ്രായമുള്ള കിടപ്പ് രോഗികളും മാനസിക നില തെറ്റിയവരുമായ അമ്മമാർകഴിയുന്ന പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോമിലാണ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി. കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് വിഭവസമൃദ്ധമായ ഓണസദ്യയുമായി എത്തിയത്.പതിവുപോലെ ഉച്ചഭക്ഷണത്തിനായി ഇരുന്നവരുടെ മുന്നിലേക്ക് കാക്കി അണിഞ്ഞവർ ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ പലർക്കും മക്കളെക്കുറിച്ചും ബന്ധുക്കളെ ക്കുറിച്ചും പോലീസിനോട് പരാതികളും പറയാൻ ഉണ്ടായിരുന്നു.
സദ്യ വിളമ്പി അമ്മമാരെ കഴിപ്പിച്ചും അവർക്ക് മകന്റെ സ്നേഹ വാത്സല്യത്തോടെ സ്നേഹഭാഷകൾ ചൊരിഞ്ഞ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദൻ കൂടെ നിന്നപ്പോൾ അമ്മമാരുടെ കണ്ണുകൾ നിറഞ്ഞു.
തലോടിയും അശ്വസിപ്പിച്ചും ഒടുവിൽ കൈപിടിച്ച് അവരവരുടെ മുറികളിലേക്ക് കൊണ്ട് വിട്ടതിനു ശേഷമാണ് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് മടങ്ങിയത്.
ആരോരുമില്ലാത്ത അമ്മമാർക്കൊപ്പം ഓണം ആഘോഷിക്കാനെത്തിയ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ ഹോളി ട്രിനിറ്റി പുവർ ഹോമിന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ റോസിറ്റ സ്വീകരിച്ചു. വെള്ളരിക്കുണ്ട് ഗാന്ധി ഭവനിലെ അന്തേ വാസികൾക്കും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഓണസദ്യ നല്കി.