ഇടയിലക്കാട്ടെ വാനരന്മാർക്ക് വിഭവസമൃദ്ധമായി ‘ഓണസദ്യ’
1453775
Tuesday, September 17, 2024 1:51 AM IST
വലിയപറമ്പ്: മുടക്കമില്ലാതെ പതിനേഴാം വർഷവും ഇടയിലക്കാട്ടെ വാനരന്മാർക്ക് ഓണസദ്യ വിളമ്പി നവോദയ ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർ. ഇടയിലക്കാട് കാവിനു സമീപത്താണ് മുപ്പതോളം പേരടങ്ങുന്ന വാനരപ്പടയ്ക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പിയത്.
പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാമ്പഴം, നേന്ത്രപ്പഴം, നെല്ലിക്ക എന്നിവയും ഉപ്പു ചേർക്കാത്ത ചോറുമടങ്ങുന്ന പതിനേഴ് വിഭവങ്ങളാണ് കുരങ്ങുകൾക്കായി വാഴയിലയിൽ വിളമ്പിയത്.
ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ വെള്ളവും നല്കി. കാവിനടുത്തെ റോഡരികിൽ വച്ച ഡസ്ക്കുകളിലാണ് വാഴയിലകൾ നിരത്തിയത്.
കുരങ്ങുകൾക്ക് ഇരിപ്പിടമായി കസേരകളും നിരത്തി. സദ്യയുടെ പെരുമാറ്റച്ചട്ടമൊന്നും പാലിക്കാതെ കസേരകൾക്കു മുകളിലും ഡസ്കിനു മുകളിലുമൊക്കെയാണ് വാനരന്മാർ ഇരുപ്പുറപ്പിച്ചത്.
ആദ്യകാലങ്ങളിൽ ഇരുപത് വർഷക്കാലം വാനരന്മാർക്ക് മുറതെറ്റാതെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മ പ്രായാധിക്യം മൂലം ഇത്തവണ നേരിട്ടെത്തിയില്ല. 86 കാരിയായ മാണിക്കമ്മയുടെ വീട്ടിൽ നിന്നാണ് ഉപ്പു ചേർക്കാത്ത ചോറ് തയാറാക്കി ബാലവേദി പ്രവർത്തകർക്ക് കൈമാറിയത്. ഗ്രന്ഥശാല പ്രവർത്തകർ തന്നെയാണ് പഴവും പച്ചക്കറികളും മുറിച്ച് സദ്യവട്ടമൊരുക്കിയത്. നാടിന്റെ സ്വന്തം സിനിമാനടനും പടന്ന പഞ്ചായത്ത് അംഗവുമായ പി.പി. കുഞ്ഞികൃഷ്ണനും കുരങ്ങുകൾക്ക് വിഭവങ്ങൾ വിളമ്പിനല്കാനെത്തി.
സഹജീവികളെക്കൂടി ഉൾക്കൊള്ളുന്ന ഓണസങ്കല്പത്തിലൂന്നിയാണ് വർഷാവർഷം അവിട്ടം നാളിൽ വാനരന്മാർക്ക് സദ്യ നല്കുന്നതെന്ന് ഗ്രന്ഥശാല പ്രവർത്തകർ പറഞ്ഞു.
ലൈബ്രറി കൗൺസിൽ ഹൊസ്ദുർഗ് താലൂക്ക് പ്രസിഡന്റ് പി. വേണുഗോപാലൻ, ഗ്രന്ഥാലയം സെക്രട്ടറി വി.കെ. കരുണാകരൻ, പ്രസിഡന്റ് കെ. സത്യവ്രതൻ, ബാലവേദി കൺവീനർ എം. ബാബു, വി. റീജിത്ത്, വി. ഹരീഷ്, എം. ഉമേശൻ, പി.വി. സുരേശൻ, സി. ജലജ, സ്വാതി സുജീഷ് എന്നിവർ നേതൃത്വം നല്കി.