ഭാര്യയ്ക്കും മക്കൾക്കും വിഷം നല്കി ഗൃഹനാഥൻ ജീവനൊടുക്കി
1453628
Monday, September 16, 2024 10:03 PM IST
നീലേശ്വരം: ഭാര്യയ്ക്കും മക്കൾക്കും ഭക്ഷണത്തിൽ വിഷം ചേർത്തുനല്കിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. മടിക്കൈ പൂത്തക്കാലിൽ താമസിച്ചിരുന്ന നീലേശ്വരം തട്ടാച്ചേരി സ്വദേശി കോട്ടവളപ്പിൽ വിജയൻ (54) ആണ് മരിച്ചത്.
ഭാര്യ ലക്ഷ്മി, മക്കളായ ലയന (18), വിശാൽ (16) എന്നിവരെ മംഗളൂരു കെ.എസ്. ഹെഗ്ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. തിരുവോണനാളിൽ രാത്രി പത്തോടെയായിരുന്നു സംഭവം.
ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോഴാണ് ലക്ഷ്മിക്കും മക്കൾക്കും കടുത്ത വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടത്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ഇവർ കഴിച്ച ഭക്ഷണത്തിൽ വിഷം കലർന്നിരുന്നതായി പിന്നീട് കണ്ടെത്തി. വിജയനുവേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് പിറകിലുള്ള അക്കേഷ്യ മരത്തിനു താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയർപൊട്ടി വീണു മരിച്ച നിലയിലായിരുന്നു. ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.