കിടപ്പുരോഗികൾക്ക് ഓണക്കോടി നല്കി
1453539
Sunday, September 15, 2024 5:53 AM IST
തൃക്കരിപ്പൂർ: കിടപ്പു രോഗികൾക്കും വയോധികർക്കും ഓണക്കോടി വീടുകളിൽ എത്തിച്ചു നല്കി മാണിയാട്ട് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകർ. വീടുകളുടെ ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്നവരെയും ആഘോഷങ്ങളിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഓണം, വിഷു ആഘോഷ വേളകളിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതുവസ്ത്രങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.
പാലിയേറ്റീവ് കെയർ സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഓണക്കോടിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ടി.വി. ബാലൻ അധ്യക്ഷനായി. സെക്രട്ടറി ഇ. രാഘവൻ, ട്രഷറർ സി. സുരേശൻ എന്നിവർ പ്രസംഗിച്ചു.
സി. നാരായണൻ, എം.കെ. മോഹനൻ, തമ്പാൻ കനേരി, സി. പ്രദീപൻ എന്നിവരുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായാണ് ഓണക്കോടി വീടുകളിൽ എത്തിച്ചുനല്‍കിയത്.