ഭീഷണിയായി സുരക്ഷാവേലി ഇല്ലാത്ത ട്രാൻസ്ഫോർമർ
1453171
Saturday, September 14, 2024 1:44 AM IST
കുന്നുംകൈ: സുരക്ഷാവേലി ഇല്ലാത്ത ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. മൗക്കോട് ഗവ. എൽപി സ്കൂളിന്റെ അല്പം അകലെയാണ് ട്രാൻസ്ഫോർമർ.സ്കൂളിലേക്കും മദ്റസയിലേക്കും കൊച്ചു കുട്ടികൾ മുതൽ ധാരാളം പേർ നടന്നു പോകുന്ന റോഡിന് അരികിലുള്ള ഈ ട്രാൻസ്ഫോർമറിന് കമ്പി വേലി കെട്ടി സുരക്ഷ ഒരുക്കിയില്ലെങ്കിൽ വലിയ അപകടത്തിന് വഴിവെക്കും.
മാത്രവുമല്ല തെരുവ് വിളക്കുകളുടെ പ്രധാന സ്വിച്ചും അനുബന്ധ കാര്യങ്ങളും ഇതിനോട് അടുത്തുള്ള തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത് , സുരക്ഷാവേലി ഇല്ലാത്ത ഇവിടെ നിന്നും അത് കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ അല്പം തെറ്റിപോയാലും അപകടമാണ്. പെരുമ്പട്ടയിലും സമാനമായ സ്ഥിതിയാണുള്ളത്.
പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഗൗരവം അറിയിച്ചിട്ടും ശരിയാക്കാം എന്ന മറുപടി അല്ലാതെ ഇതുവരെയും നടപടി ഉണ്ടായില്ലെന്നും അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.