പൂത്തുലഞ്ഞ് പരപ്പയുടെ പൂപ്പാടങ്ങൾ
1452621
Thursday, September 12, 2024 1:41 AM IST
പരപ്പ: ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ആരംഭിച്ച പൂ കൃഷിയുടെ ബ്ലോക്ക് തല വിളവെടുപ്പ് ഉത്സവം കോടോം-ബേളൂർ പഞ്ചായത്തിലെ പാറപ്പള്ളിയിൽ ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വികസന സ്ഥിരംസമിതി അധ്യക്ഷ രജനി കൃഷ്ണൻ, ജോയിന്റ് ബിഡിഒ കെ.ജി. ബിജുകുമാർ, കൃഷി ഓഫീസർ കെ. ഹരിത, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ, നോർത്ത് കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് കെ. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ടി.പി. വന്ദന സ്വാഗതവും വാർഡ് കൺവീനർ ജയകുമാർ നന്ദിയും പറഞ്ഞു. നോർത്ത് കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റിയുടെ സ്ഥലത്തു വാർഡ് കൃഷി കൂട്ടവും കലവറ, ശിശിര ഗ്രുപ്പുകളും ചേർന്നാണ് പൂ കൃഷി ചെയ്തത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലെ 200 ഗ്രുപ്പുകൾക്കാണ് ചെണ്ടു മല്ലിയുടെയും വാടാമല്ലിയുടെയും തൈകൾ നല്കിയത്. ജില്ലയിൽ ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ആദ്യത്തെ പദ്ധതിയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ഓണത്തിനൊരു പൂക്കളം പദ്ധതി.
പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ മണ്ണും കാലാവസ്ഥയും പൂകൃഷി ചെയ്യുന്നതിന് അനുയോജ്യം ആണെന്ന് ഈ പദ്ധതിയുടെ വിജയത്തോടെ തെളിഞ്ഞിരിക്കുന്നതെന്നും അടുത്ത വർഷത്തെ പദ്ധതിയിൽ കൂടുതൽ തുക ഇതിനായി നീക്കി വെയ്ക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു.