ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം
1452619
Thursday, September 12, 2024 1:41 AM IST
കൊന്നക്കാട്: മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കടവത്തുമുണ്ടയിലെ ചിലമ്പിമറ്റത്തിൽ ജോസിന്റെ 500ഓളം വാഴകൾ, മൂന്നുവർഷം പ്രായമായ 50 തെങ്ങിൻ തൈകൾ, 25 മാവിൻതൈകൾ എന്നിവ നശിപ്പിച്ചു.
തോട്ടുംപുറം കുഞ്ഞുമോൻ, പുതിയാപറമ്പിൽ ആനിയമ്മ എന്നിവരുടെ നിരവധി കവുങ്ങുകളും വാഴകളും നശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 13 കാട്ടാനകളാണ് കൃഷിസ്ഥലത്ത് എത്തിയത്. ഇവിടെ യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടില്ല. ജീവനിൽ പേടിച്ചാണ് ഇവിടെ നാട്ടുകാർ കഴിയുന്നത്.
ആർക്കെങ്കിലും രാത്രിയിൽ അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കാൻ ആനയെ പേടിച്ച് ടാക്സികൾ പോലും ഇവിടേയ്ക്ക് എത്തില്ല.
മലയോരത്തെ പ്രശസ്തമായ അച്ചൻകല്ല് വെള്ളച്ചാട്ടത്തിൽ നിന്നും കേവലം 100 മീറ്റർ അടുത്തുള്ള കൃഷിസ്ഥലത്താണ് കാട്ടാനക്കൂട്ടമിറങ്ങി വൻനാശം വരുത്തിയത്.