കാസർഗോഡ് കെഎസ്ആർടിസിയുടെ മിൽമ പരീക്ഷണം പാളി
1452617
Thursday, September 12, 2024 1:41 AM IST
കാസർഗോഡ്: നഷ്ടം നികത്തുന്നതിനുള്ള വൈവിധ്യവത്കരണ പദ്ധതികളുടെ ഭാഗമായി കെഎസ്ആർടിസി തുടങ്ങിയ ആനവണ്ടിയിലെ മിൽമ ഫുഡ് ട്രക്ക് പരീക്ഷണം കാസർഗോഡ് ഡിപ്പോയിൽ പാളി. ഇതിനായി അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ച് രൂപമാറ്റം വരുത്തിയെടുത്ത ബസ് വീണ്ടും കട്ടപ്പുറത്ത് അനാഥമായി.
2022 ഒക്ടോബർ 17 നാണ് ഡിപ്പോയ്ക്കു സമീപത്തെ റോഡരികിൽ സ്ഥാപിച്ച ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്തത്. ഉപയോഗശൂന്യമായ ബസിന് വിവിധ നിറങ്ങൾ നല്കിയും പുതിയ ചവിട്ടുപടികളും വാതിലുകളും സ്ഥാപിച്ചുമാണ് ഫുഡ് ട്രക്കായി ഒരുക്കിയത്. അകത്ത് എട്ടുപേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും തയാറാക്കിയിരുന്നു. മിൽമയുടെ വിവിധ ഉല്പന്നങ്ങൾക്കൊപ്പം തട്ടുകടകൾക്ക് സമാനമായ രീതിയിലുള്ള ലഘുഭക്ഷണ വിഭവങ്ങളും ഇവിടെ ലഭ്യമാക്കിയിരുന്നു.
കെഎസ്ആർടിസി എംപ്ലോയീസ് സഹകരണസംഘമാണ് ഫുഡ് ട്രക്കിന്റെ നടത്തിപ്പിന് കരാർ ഏറ്റെടുത്തത്. ഒന്നര വർഷത്തോളം ഇവരുടെ നിയന്ത്രണത്തിൽ ഫുഡ് ട്രക്ക് പ്രവർത്തിച്ചു. എന്നാൽ കരാർ കാലാവധി കഴിഞ്ഞതോടെ വീണ്ടും പുതുക്കാൻ നില്ക്കാതെ ഇവർ ഒഴിയുകയായിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പ് കനത്ത നഷ്ടത്തിലേക്ക് നീങ്ങിയതോടെയാണ് ഇവർ കരാർ പുതുക്കാതെ ഒഴിവായതെന്നാണ് സൂചന. പകരം കരാർ ഏറ്റെടുക്കാൻ തയാറായി ആരും മുന്നോട്ടുവന്നതുമില്ല. ഇതോടെ ആറുമാസത്തോളമായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്.
ഫുഡ് ട്രക്ക് സ്ഥാപിച്ച സ്ഥലത്തിന്റെ അടുത്തുതന്നെ ഇഷ്ടംപോലെ തട്ടുകടകളും ഹോട്ടലുകളും പ്രവർത്തിക്കുന്നതിനാൽ ഇതിനുള്ളിലേക്ക് വലിഞ്ഞുകയറി ഭക്ഷണം കഴിക്കാൻ പൊതുവേ ആളുകൾ വലിയ താത്പര്യം കാണിച്ചില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
ഇരുവശങ്ങളിലുമായി കുടുംബശ്രീയുടെ നഗരച്ചന്തയും ഒരു സ്വകാര്യ പഴക്കടയും പ്രവർത്തിക്കുന്നതിനാൽ റോഡിലൂടെ പോകുന്നവർക്ക് ട്രക്കിനെ കാണാനും ഉള്ളിലേക്കുള്ള വഴി കണ്ടെത്താനും പ്രയാസമാണ്. ഉള്ള വഴി തന്നെ മറച്ചുകൊണ്ട് മിക്കപ്പോഴും അനധികൃത വാഹന പാർക്കിംഗും ഉണ്ടാകുന്നു.
ഡിപ്പോയ്ക്ക് സമീപം തന്നെ മറ്റൊരു വശത്തേക്ക് മാറ്റിസ്ഥാപിച്ചാൽ ഒരുപക്ഷേ ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞേക്കും. പക്ഷേ പുതിയ കരാറുകാരൊന്നും തയാറായി വരുന്നില്ലെങ്കിൽ അധികം വൈകാതെ മിൽമ അധികൃതർ പദ്ധതിയിൽ നിന്ന് പിന്മാറാനാണ് സാധ്യത.