സോളാർ തൂക്കുവേലി സ്ഥാപിക്കുന്നതിന് സമ്മതപത്രം നല്കി
1452052
Tuesday, September 10, 2024 1:46 AM IST
പനത്തടി: വനൃമൃഗങ്ങളിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കാൻ സോളാർ തൂക്കുവേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്വകാര്യ വ്യക്തികൾ സമ്മതപത്രം നല്കി. പനത്തടി സംരക്ഷണ സമിതി അംഗങ്ങളും ഫോറസ്റ്റ് ഓഫീസർ ആർ. ബാബു, ബി എഫ്ഒ കെ. പ്രവീൺ, റിസർവ് ഫോറസ്റ്റ് വാച്ചർ പി.വി. സുരേന്ദ്രൻ എന്നിവരാണ് സമ്മതപത്രം ഏറ്റുവാങ്ങൻ എത്തിയത്.
പെരുതടി മുതൽ പുളിങ്കോച്ചി തോട് വരെ രണ്ടു കിലോമീറ്റർ ദൂരമാണ് വേലി സ്ഥാപിക്കുന്നത്. നാലു മീറ്റർ വീതിയിലാണ് ഇതിനായി സ്ഥലം ഏറ്റെടുക്കുന്നത്. 21 സ്വകാര്യ വ്യക്തികളുടെ സമ്മതപത്രമാണ് ഇതിനായി വേണ്ടിയിരുന്നത്. റാണിപുരത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പൊതുപ്രവർത്തകനായ പെരുതടിയിലെ സി.എസ്. സനൽകുമാർ സോളാർ തൂക്കുവേലി സ്ഥാപിക്കുന്നതുമായി സംബന്ധിച്ച് പരാതി നല്കിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ സമ്മതപത്രം ലഭിച്ചാൽ വേലി നിർമിക്കാമെന്ന് കളക്ടർ ഉറപ്പ് നല്കിയിരുന്നു. കാട്ടാനകൾ കൂടുതലായി കാണപ്പെടുന്ന പുളിങ്കൊച്ചിതോട് മുതൽ ശിവഗിരി വരെ നിലവിൽ സോളാർവേലി ഉണ്ടെങ്കിലും അത് പ്രവർത്തനരഹിതമാണ് ഇതിന്റെ നവീകരണവും ഇതിനോട് അനുബന്ധിച്ച് തുടങ്ങിയിട്ടുണ്ട്. പുതിയ സോളാർ വേലി നിർമാണം പൂർത്തിയാകുന്നതോടെ റാണിപുരം പെരുതടി ഭാഗത്ത് ഉണ്ടാകുന്ന കാട്ടാനശല്യത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.